വിജയ്‍യുടെ സത്യപ്രതിജ്ഞ ചടങ്ങിലെ ദേശീയ രാഷ്ട്രീയ മുഖമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡിഎംകെയുമായി പിരിഞ്ഞ്, ഇന്ത്യ സംഖ്യത്തിന് വിള്ളലുണ്ടാക്കി കോണ്‍ഗ്രസ് വിജയ് മന്ത്രിസഭയില്‍ ചേരാനുള്ള തീരുമാനമെടുത്തതിന് പിന്നിലെ ഒരു ഘടകം രാഹുല്‍ ഗാന്ധിയും വിജയും തമ്മിലുള്ള സൗഹൃദമാണെന്നാണ് വിവരം. 17 വര്‍ഷം മുന്‍പ് വിജയ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. അന്ന് വിജയ് കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് എവിടെയും എത്താതെ അവസാനിച്ചു. ആ ചര്‍ച്ചകളെ പറ്റി വിവിധ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

2009 ഓഗസ്റ്റില്‍ രണ്ടാം യുപിഐ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയായിരുന്നു വിജയ്– രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച. അന്ന് തമിഴ്നാട്ടില്‍ നിന്നുള്ള എന്‍എസ്‍യു ദേശിയ സെക്രട്ടറിയായിരുന്ന ഗോപിനാഥ് പളനിയപ്പനായിരുന്നു കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. വിജയ്‍യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറിന് കോൺഗ്രസിനോടുണ്ടായിരുന്ന ആഭിമുഖ്യവും ഇതിന് പിന്നിലുണ്ടായിരുന്നു.

'രാഹുല്‍ ഗാന്ധിയോട് അടുത്ത എന്‍റെയൊരു സുഹൃത്താണ് അദ്ദേഹത്തെ കാണാന്‍ വിളിച്ചത്. അതൊരു അവസരമായി തോന്നി.. എല്ലാവര്‍ക്കും ഇതുപോലൊരു അവസരം ലഭിക്കില്ല. എപ്പോള്‍ വേണമെങ്കിലും പോയി രാഹുല്‍ ഗാന്ധിയെ കാണാന്‍ പറ്റുന്ന വലിയ മനുഷ്യനല്ല ഞാന്‍. അതിനാല്‍ അത് നഷ്ടപ്പെടുത്തേണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഒരു ദിവസത്തെ ഷൂട്ടിങ് ക്യാന്‍സല്‍ ചെയ്ത് ഡല്‍ഹിയിലേക്ക് വന്നത്' എന്നാണ് വിജയ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. 

രാഷ്ട്രീയവും സിനിമയും അന്നത്തെ കാലത്ത് വിജയ് ആരംഭിച്ച വിജയ് മക്കൾ ഇയക്കം എന്ന സംഘടനയെയും പറ്റിയും രാഹുലുമായി സംസാരിച്ചിരുന്നു. പിന്നാലെ വിജയ് കോണ്‍ഗ്രസില്‍ ചേരുമെന്നും യൂത്ത് കോണ്‍ഗ്രസിന്‍റെ തമിഴ്നാട് അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നായിരുന്നു വാര്‍ത്തകള്‍. 2009 സെപ്റ്റംബര്‍ ആദ്യ വാരം വിജയ് കോണ്‍ഗ്രസില്‍ ചേരുമെന്ന് അന്ന് വാര്‍ത്തകളുണ്ടായി. എന്നാല്‍ പിന്നീട് വിജയ് ഇത് തള്ളി. കോണ്‍ഗ്രസില്‍ എന്തെങ്കിലും സ്ഥാനം നല്‍കുന്നതിനെ പറ്റി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നില്ലെന്നും ഇപ്പോൾ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിജയ് പറഞ്ഞിരുന്നു. 

അന്ന് യൂത്ത് കോണ്‍ഗ്രസ് ചുമതലയുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് തന്നെയാണ് വിജയ്‍യെ കോണ്‍ഗ്രസിലെത്തിക്കുന്നതില്‍ നിന്നും അകറ്റിയതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നോമിനേഷന്‍ അവസാനിപ്പിച്ച് സംഘടനാ തിരഞ്ഞെടുപ്പ് ആരംഭിച്ച രാഹുല്‍ ഗാന്ധി വിജയ്‍യോട് തമിഴ്നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിജയ് അന്ന് ആവശ്യപ്പെട്ടത് കേവലം എഐസിസി അംഗത്വം മാത്രമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്ന് കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഡിഎംകെയുടെ നിലപാടും വിജയ്‍യുടെ കാര്യത്തിലുണ്ടായി എന്നും റിപ്പോര്‍ട്ടുണ്ട്. 

വിജയ് അന്ന് കോണ്‍ഗ്രസിലെത്തിയില്ലെങ്കിലും രാഹുല്‍ ഗാന്ധിയുമായി ബന്ധം തുടര്‍ന്നു. 2024 ല്‍ വിജയ് രാഷ്ട്രീയത്തിലെയപ്പോള്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി വിജയ്‍യുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ വിളിച്ചതും വാര്‍ത്തയായി. കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്ത സമയത്തും രാഹുലിന്‍റെ ആശ്വാസ ഫോണ്‍ കോള്‍ വിജയ്‍യെ തേടി എത്തിയിരുന്നു. 

അന്ന് ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള സാധ്യതകളെ പറ്റിയും വിജയ് സംസാരിച്ചിരുന്നു. 'രാഹുല്‍ ഗാന്ധി യുവാക്കളെയാണ് ലക്ഷ്യമിടുന്നത്, ഞാനും യുവാക്കളെ അണിനിരത്തുന്നു, ഭാവിയില്‍ തമിഴരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുമായി ഞാന്‍ കൈകോര്‍ക്കും' എന്നാണ് വിജയ് അന്ന് പറഞ്ഞത്. മക്കൾ ഇയക്കത്തെ രാഷ്ട്രീയ സംഘടനയാക്കി മാറ്റാനുള്ള സാധ്യതയും വിജയ് സംസാരിച്ചു. 17 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴക വെട്രി കഴകം തമിഴ്നാട്ടിലെ ഭരണം പിടിക്കുമ്പോള്‍ പാര്‍ട്ടിക്ക് അടിത്തറ പാകിയത് ഈ ശൃംഖലയാണ്. 

ENGLISH SUMMARY:

The presence of Rahul Gandhi at Vijay’s swearing-in ceremony highlights a long-standing friendship that dates back to a crucial meeting in August 2009. While rumors once suggested Vijay might join Congress as its Youth Wing chief, the actor eventually focused on his own organization, the Vijay Makkal Iyakkam, which laid the foundation for his current political success. Despite not joining the party then, the two leaders maintained a cordial relationship, with Rahul Gandhi reaching out during key moments like Vijay's political entry and his birthday. This enduring bond is seen as a significant factor in Congress's strategic decision to join the TVK-led cabinet after parting ways with the DMK.