തമിഴ് നാട്ടിൽ തമിഴക വെട്രി കഴകത്തിന്റെ സർക്കാർ രൂപീകരണത്തിൽ വീണ്ടും അനിശ്ചിതത്വം. കേവല ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചില്ലെന്ന് കാണിച്ച് മൂന്നാം തവണയും വിജയ് യെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചു. ഇതോടെ ഇന്ന് തീരുമാനിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ഇനിയും നീണ്ടേക്കും. വിസികെയുടെ നിലപാട് സര്‍ക്കാർ രൂപീകരണത്തിൽ നിർണായകമാകും. ഇതിനിടെ, എഎംഎംകെയുടെ പേരില്‍ ടിവികെ വ്യാജ പിന്തുണ കത്തുണ്ടാക്കിയെന്ന് ആരോപിച്ച് എഎംഎംകെ രംഗത്ത് എത്തി. ആരോപണം നിഷേധിച്ച ടിവികെ, മന്നാര്‍ഗുഡിയില്‍നിന്ന് ജയിച്ച കാമരാജ് കത്തില്‍ ഒപ്പിടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇതിനിടെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയെ സര്‍ക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് കാണിച്ച് എഎംഎംകെ ഗവർണർക്ക് കത്ത് നൽകി.
Also Read: തമിഴ്നാട്ടില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്; വിജയ്‍യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍
ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ചോദിച്ച് വിസികെ വിലപേശൽ നടത്തിയെന്ന് സൂചനയുണ്ട്. രാത്രി വിസികെ അധ്യക്ഷൻ തിരുമാവളവനും എംകെ സ്റ്റാലിനും കൂടിക്കാഴ്ച നടത്തിയിരുന്നു. ലീഗ് പിന്തുണക്കത്ത് നൽകില്ലെന്നും വിശ്വാസ വോട്ടെടുപ്പ് ഉണ്ടായാൽ സഭയിൽ പിന്തുണയ്ക്കും എന്നും അറിയിച്ചു. സിപിഎമ്മും സിപിഐയും പിന്തുണക്കത്ത് നൽകിയതോടെ ആണ് 116 ലേക്ക് ടിവികെ എത്തിയത്. പുറത്ത് നിന്നാണ് പിന്തുണ എന്നും ഇടത് പാർട്ടികൾ അറിയിച്ചു.
കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്‌ലിം ലീഗ്, എഎംഎംകെ പാർട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ വിജയ്യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ.വി ആർലേക്കറുടെ ഓഫീസ് പിന്നീട് അറിയിച്ചത്.ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ.
നിലവിൽ ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവുള്ളതിനാൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. ഗവർണറെ കണ്ട് വിജയ് ഭൂരിപക്ഷം അവകാശപ്പെട്ടെങ്കിലും മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ ഉടന്‍ സത്യപ്രതിജ്ഞ ഉണ്ടാകില്ലെന്നാണ് സൂചനകൾ. വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണ കത്തുകളാണ് അദ്ദേഹത്തിന് ഹാജരാക്കാൻ സാധിക്കാതിരുന്നത്.