Image Credit: PTI
ബിജെപിയെ ഉപേക്ഷിച്ച് എത്തിയാല്‍ കൂടെക്കൂട്ടാമെന്ന് എഐഎഡിഎംകെയോട് ഡിഎംകെ. ബിജെപിയെ പോലെ ഒരു വര്‍ഗീയ പാര്‍ട്ടിയുമായി കൂട്ടുകൂടാനില്ലെന്നും ഡിഎംകെ നേതൃത്വം അറിയിച്ചുവെന്നാണ് സൂചന. ഏറ്റവുമധികം സീറ്റുകളില്‍ വിജയിച്ച ഒറ്റ കക്ഷിയായിട്ടും കേവല ഭൂരിപക്ഷത്തിനുള്ള ആളില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ കുഴങ്ങുന്ന സൂപ്പര്‍ താരം വിജയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് പുതിയ സഖ്യനീക്കം. അങ്ങനെ എഐഎഡിഎംകെ–ഡിഎംകെ കൂട്ടുകെട്ടുണ്ടായാല്‍ തനിക്കൊപ്പമുള്ള 107 എംഎല്‍എമാരും രാജിവയ്ക്കുമെന്നാണ് വിജയ്യുടെ നിലപാടെന്നും റിപ്പോര്‍ട്ടുകള്‍. ജനവിധിയെ അട്ടിമറിക്കുന്ന നിലപാടാണ് ഡിഎംകെ എടുക്കുന്നതെന്നും ഇതിനെതിരെ പ്രതിഷേധം ഉയരുമെന്നും തമിഴക വെട്രി കഴകം പറയുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ തങ്ങളെ ക്ഷണിക്കണമെന്നും അതിന് അര്‍ഹതയുണ്ടെന്നുമാണ് ടിവികെയുടെ വാദം.
എന്നാല്‍ വിജയ്യുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗങ്ങള്‍ ഇല്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വ്യക്തമാക്കിയിരുന്നു. 118 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കത്ത് കൊണ്ടുവരണമെന്നും ഗവര്‍ണര്‍ നിലപാടെടുത്തു. 10 എംഎല്‍എമാരുടെ പിന്തുണ കൂടി സര്‍ക്കാരുണ്ടാക്കണമെങ്കില്‍ ടിവികെയ്ക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് പിന്തുണ നല്‍കാമെന്ന് വ്യക്തമാക്കിയെങ്കിലും അഞ്ച് എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇടതുപാര്‍ട്ടികളുമായും ടിവികെ ചര്‍ച്ച നടത്തുന്നുണ്ട്.
അതേസമയം, അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കുമോയെന്നതില്‍ സ്റ്റാലിന്‍റെ തീരുമാനമായിരിക്കും അന്തിമമെന്നാണ് റിപ്പോര്‍ട്ട്. വിജയ് അധികാരത്തിലെത്തിയാല്‍ എംജിആറിനെ പോലെയാകുമെന്നും പിന്നീടൊരിക്കലും ഡിഎംകെയ്ക്ക് മടങ്ങിവരവുണ്ടാകില്ലെന്നും ഉദയനിധി ഭയക്കുന്നുവെന്നും അതാണ് പുതിയ നീക്കത്തിന് പിന്നിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നത്. അതേസമയം, ബദ്ധവൈരികളായ എഐഎഡിഎംകെയോട് ചേരുന്നതില്‍ സ്റ്റാലിന് താല്‍പര്യമില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.
എഐഎഡിഎംകെ ബിജെപി ബന്ധം ഉപേക്ഷിച്ച് ടിവികെയോട് ചേരുമെന്ന് തുടക്കത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇത് തള്ളുകയായിരുന്നു. അത്തരമൊരു സഖ്യ സാധ്യതയേ ഉദിക്കുന്നില്ലെന്നായിരുന്നു എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം.
സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ടിവികെയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഭൂരിപക്ഷം സഭയ്ക്കുള്ളില്‍ തെളിയിച്ചാല്‍ മതിയെന്ന് ഭരണഘടനയില്‍ ഉണ്ടെന്നും സിപിഐ പ്രസ്താവനയിറക്കി. ഗവര്‍ണര്‍ക്കെതിരെ വിസികെയും രംഗത്തെത്തി. ജനവിധിക്ക് എതിരാണ് ഗവര്‍ണറുടെ നിലപാടെന്നായിരുന്നു ഡിഎംകെയും കമല്‍ഹാസനും പ്രതികരിച്ചത്.
Google Trending Topic: തമിഴക വെട്രി കഴകം