bjp-bengal

‘പരിഭോഷന്‍’ അഥവാ മാറ്റം എന്നായിരുന്നു ബംഗാളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. എന്നാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ കലാപത്തിന്‍റെ മാറ്റമാണ് ബിജെപി കൊണ്ടുവന്നത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാനമൊട്ടാകെ തൃണമൂല്‍ പ്രവര്‍ത്തകരുടെ വേട്ടയും വ്യാപക ആക്രമണങ്ങളുമഴിച്ചുവിട്ടിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. കലാപസമാനമായ  വിജയാഘോഷത്തിനിടെ ഒരു തൃണമൂല്‍ പ്രവര്‍ത്തകന്‍റെ മരണത്തോടെ ബംഗാളിലെ സ്ഥിതിഗതികള്‍ രാജ്യത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടുകയാണ്. ‌

വിജയത്തിന് പിന്നാലെ നാനൂര്‍ മണ്ഡലത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ച് കൊന്നെന്ന് ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ് രംഗത്തുവന്നത്. ടോളിഗൂഗെയിലും കസ്ബയിലും കൊല്‍ക്കത്തയിലും തൃണമൂല്‍ ഓഫീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഭാരീപൂര്‍, കമര്‍ഹാതി, ഭാരങ്കാര്‍, ഹൗറ, ബഹരാംപൂര്‍ എന്നിവിടങ്ങളില്‍ വിജയാഘോഷത്തിനിടെ വ്യാപക ആക്രമണമാണ് ബിജെപി പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. 

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുളവടികളും ലാത്തികളും ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ തല്ലിയോടിക്കുന്ന നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ടിഎംസി പ്രവര്‍ത്തരെ മര്‍ദിക്കുന്ന വിഡിയോകളും വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

ഇത്കൂടാതെ നിരവധി സ്ഥലങ്ങളില്‍ മാസാഹാരം വിതരണം ചെയ്യുന്ന കടകളും ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തെന്നും ഇനി മാംസം വിറ്റാല്‍ നാടുകടത്തുമെന്ന് അറവുശാല കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ENGLISH SUMMARY:

West Bengal election violence is a serious concern following the recent polls, with allegations of widespread attacks by BJP workers against TMC members. This post-election unrest has led to significant political tension and violence across the state.