എം.കെ.സ്റ്റാലിന്‍റെയും ഡിഎംകെയുടെയും പരാജയത്തില്‍ ഞെട്ടിയിരിക്കുകയാണ് തമിഴ് രാഷ്ട്രീയം. ഇപ്പോളിതാ അപ്രതീക്ഷിത തോല്‍വിയില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഡിഎംകെ ശക്തമായ പ്രതിപക്ഷമായി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പാർട്ടി കാണാത്ത പരാജയങ്ങളില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
‘ഭരണകക്ഷി ജനങ്ങൾക്കുവേണ്ടി പദ്ധതികൾ രൂപപ്പെടുത്തും; പ്രതിപക്ഷം ജനങ്ങളുടെ ആവശ്യങ്ങൾക്കായി പോരാടും. ശക്തമായ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ, ജനങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയം ഞങ്ങൾ തുടരും’ സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. വംശം, ഭാഷ, രാഷ്ട്രം എന്നിവ സംരക്ഷിക്കാന്‍ നൂറ്റാണ്ട് പഴക്കമുള്ള മഹത്തായ ദ്രാവിഡ പ്രസ്ഥാനത്തിന്റെ നയങ്ങളിലൂന്നി ഡിഎംകെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. തങ്ങൾ വീണ്ടും വിജയിക്കുമെന്നും സ്റ്റാലിന്‍ ഉറപ്പിച്ച പറയുന്നുണ്ട്.
ഡിഎംകെ ആറ് തവണ അധികാരത്തിലിരുന്നിട്ടുണ്ടെന്നും പാർട്ടി കാണാത്ത ഒരു വിജയമോ പരാജയമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ പ്രത്യയശാസ്ത്രം പരാജയപ്പെടാതിരിക്കാൻ ഞങ്ങൾ എപ്പോഴും ജാഗ്രത പാലിക്കും. വിജയത്തിലായാലും പരാജയത്തിലായാലും, എല്ലാവരേയും തുല്യമായി കണക്കാക്കുകയും ആദർശങ്ങളില്‍ അടിയുറച്ച് യാത്ര തുടരുകയും ചെയ്യുന്നവരാണ് പാർട്ടിയുടെ സഖാക്കൾ. അതുകൊണ്ടാണ്, പ്രധാനപ്പെട്ട സമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും ഞാൻ സംസാരിക്കുമ്പോഴെല്ലാം, തമിഴ്‌നാട്ടിലുടനീളമുള്ള എല്ലാ തൊഴിലാളികൾക്കും ആദരാഞ്ജലികൾ ആദരം അര്‍പ്പിച്ചുകൊണ്ട് ഞാൻ ആരംഭിക്കുന്നത്. പ്രസ്ഥാനത്തിന്റെ ജീവരക്തവും വേരുകളുമാണ് പ്രവര്‍ത്തകര്‍’ സ്റ്റാലിന്‍ പറഞ്ഞു.
ഡിഎംകെയും ടിവികെയും തമ്മിലുള്ള വോട്ട് ശതമാനത്തിലെ വ്യത്യാസം വെറും 3.52% മാത്രമാണെന്നും ഇത് ഡിഎംകെയിലുള്ള ജനത്തിന്‍റെ വിശ്വാസത്തെ സൂചിപ്പിക്കുന്നതാണെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ടിവികെയ്ക്ക് തങ്ങളേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമേ കൂടുതലായി ലഭിച്ചിട്ടുള്ളൂ വോട്ട് ചെയ്തവര്‍ക്ക് തന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും സ്റ്റാലിന്‍ കുറിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡിഎംകെ എംഎൽഎമാർ തങ്ങൾക്കായി വോട്ട് ചെയ്തവരെ ചെന്ന് കാണാനും നന്ദി പ്രകടിപ്പിക്കാനും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ‘ജനാധിപത്യത്തിൽ, ജനങ്ങളെയാണ് ബഹുമാനിക്കേണ്ടത്. അവർക്കുവേണ്ടിയാണ് പാര്‍ട്ടി. അവർക്കുവേണ്ടിയാണ് നമ്മൾ രാഷ്ട്രീയത്തിൽ വരുന്നത്’ അദ്ദേഹം പറഞ്ഞു.
എം.കെ.സ്റ്റാലിൻ ഏഴ് തവണ നിയമസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്ന് നാല് തവണയും കൊളത്തൂരിൽ നിന്ന് മൂന്ന് തവണയുമാണ് അദ്ദേഹം വിജയിച്ചിട്ടുള്ളത്. 2021ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ സ്റ്റാലിൻ, 35 വർഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. സ്വന്തം തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിനോടാണ് തോറ്റത്. അതേസമയം, തെരഞ്ഞെടുപ്പിൽ ടിവികെ ആകെ 108 സീറ്റുകൾ നേടി ഒന്നാമതെത്തി. 59 മണ്ഡലങ്ങൾ നേടി ഡിഎംകെ രണ്ടാം സ്ഥാനത്തും, എഐഡിഎംകെ 47 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തുമാണ്.