തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെയ്ക്കും എഐഎഡിഎംകെയ്ക്കും പിന്നിലായതിന് പിന്നാലെ ചെന്നൈയിലെ ഓഫീസിലെ പാർട്ടി ബാനറുകളും പന്തലുമഴിച്ച് ഡിഎംകെ അനുകൂലികൾ. സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, അഴിച്ചുമാറ്റിയ ഇവ തിരികെ സ്ഥാപിക്കുമെന്ന് ചില ഡി.എം.കെ. അനുയായികള്‍ പറയുന്നതായി എൻ.ഡി.ടി.വി റിപ്പോര്‍ട്ട്ചെയ്യുന്നു. ഡിഎംകെ മൂന്നാം സ്ഥാനത്ത് എത്തിയതോടെ പൊട്ടികരയുന്ന പ്രവർത്തകന്‍റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡിഎംകെയും, ബിജെപിയുമായി സഖ്യത്തില്‍ രംഗത്തിറങ്ങിയിരിക്കുന്ന എഐഎഡിഎംകെയും, വിജയ്‌യുടെ ടിവികെയും തമ്മില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയതോടെ ഡിഎംകെയും എഐഎഡിഎംകെയും ആധിപത്യം പുലർത്തിവന്ന തമിഴ്നാട്ടില്‍ കാറ്റ് ഗതിമാറി വീശാനുള്ള സാധ്യത ശക്തമാണ്. ഏറ്റവും പുതിയ ട്രെൻഡുകൾ പറയുന്നത് വിജയ്‌യുടെ ടിവികെ ഡിഎംകെയെ മറികടക്കുമെന്നാണ്.

നിലവില്‍ ടിവികെ 110 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഡിഎംകെയാകട്ടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 52 സീറ്റിലാണ് ലീഡ്. 72 സീറ്റില്‍ ലീഡുമായി എഐഎഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. വിജയ് ആദ്യമായി മത്സരിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് സീറ്റുകളിലും വിജയ് തന്നെയാണ് മുന്നിൽ. വിജയ്‌യുടെ ടിവികെ പിടിക്കുന്ന വോട്ടുകള്‍ ഫലത്തെ സ്വാധീനിക്കും എന്നു തന്നെയായിരുന്നു എക്സിറ്റ് പോളുകളിലെയും സൂചന.

തിരഞ്ഞെടുപ്പു കമ്മിഷൻ ഒടുവില്‍ പുറത്തുവിട്ട കണക്കനുസരിച്ച് 85.15 ശതമാനം പേരാണ് തമിഴ്‌നാട്ടിൽ വോട്ടു ചെയ്തത്. സർവകാല റെക്കോര്‍ഡാണിത്. 234 ‌നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 118 സീറ്റാണ് ഭൂരിപക്ഷത്തിനായി വേണ്ടത്.

ENGLISH SUMMARY:

Dramatic scenes unfolded at the DMK headquarters in Chennai as supporters began dismantling celebration tents and banners following early trends in the 2026 Tamil Nadu Assembly elections. Images and videos circulating on social media show heartbroken party workers in tears as the ruling DMK slipped to a distant third place. Despite some loyalists insisting the setups would be reinstalled, the atmosphere remained somber as actor Vijay’s party, Tamilaga Vettri Kazhagam (TVK), surged ahead of the traditional heavyweights. The election, characterized by a fierce three-way battle between the DMK, AIADMK, and TVK, saw a historic voter turnout of 85.15%. Current Election Commission data places TVK in the lead with over 110 seats, while the AIADMK holds the second spot with 72, leaving the DMK trailing in just 52 constituencies. Notably, Vijay is maintaining a steady lead in both his contested seats, Perambur and Tiruchirappalli East, signaling a potential tectonic shift in the state's political landscape.