ഹിമന്ത ബിശ്വ ശര്‍മ്മയുടെ 100 സീറ്റെന്ന വാക്ക് തെറ്റിയില്ല. അസമില്‍ ബിജെപിക്ക് ഹാട്രിക് ജയം. 2021നേക്കാള്‍ 25 സീറ്റ് അധികം നേടിയാണ് ബിജെപി അധികാരത്തില്‍ തുടര്‍ച്ച ഉറപ്പിച്ചത്. ഹിമന്ത ബിശ്വ ശര്‍മ്മ ജാലുക്ബാരിയിൽ 90,000 വോട്ടിനടുത്ത് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ ബോമെൻ ചന്ദ്ര ബോറി പരാജയപ്പെടുത്തി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസിസി മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ 800 വോട്ടിന് കോണ്‍ഗ്രസിന്റെ നാരായൺ ഭൂയാനെ ബിഹ്പുരിയയില്‍ തോല്‍പ്പിച്ചു.

കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ഗൗരവ് ഗോഗോയി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് തോല്‍വി. പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ,റൈജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയ്, അസം ജാതീയ പരിഷത്ത് അധ്യക്ഷൻ ലുരിൻ ജ്യോതി ഗൊഗോയ്, എജെപി ജനറൽ സെക്രട്ടറി ജഗദീഷ് ഭുയാൻ എന്നിങ്ങനെ പ്രതിപക്ഷത്തെ മുന്‍ നിര നേതാക്കളെല്ലാം പരാജയപ്പെട്ടു. ഗൗരവ് ഗോഗോയി ജോര്‍ഹട്ടില്‍ 23, 182 വോട്ടിന് വമ്പന്‍ പരാജയമാണ് ഏററുവാങ്ങി. കോണ്‍ഗ്രസ് 23 സീറ്റിലൊതുങ്ങി. മറ്റുള്ളവര്‍ 4 സീറ്റ് നേടി.

ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 85.96 ശതമാനമായിരുന്നു പോളിങ്. മണ്ഡലപുനർനിർണയത്തിനു ശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടരക്കോടിയിലധികം ജനങ്ങളാണ് വോട്ട് ചെയ്തത്. 126 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷം 64 ആണ്. 90 സീറ്റുകളിലാണ് ബിജെപി മല്‍സരിച്ചത്. എജിപി 26 സീറ്റുകളിലും ബിപിഎഫ് 11 സീറ്റുകളിലും മല്‍സരിച്ചു. 99 സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. സഖ്യകക്ഷികളായ അസം ജാതീയ പരിഷത് 10 സീറ്റിലും സിപിഎം 2 സീറ്റിലും സിപിഐഎംഎല്‍ ഒരു സീറ്റിലും രായ്ജോര്‍ ദള്‍ 13 സീറ്റിലും മല്‍സരിച്ചു. എഐയുഡിഎഫ് 30 സീറ്റിലും യുപിപിഎല്‍ 18 സീറ്റിലും എഎപി 18 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റിലും സിപിഐ 3 സീറ്റിലും ജെഎംഎം 16 സീറ്റിലും മല്‍സരിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി അറുപതും അസം ഗണപരിഷത് ഒന്‍പതും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറേഷന്‍ ആറും സീറ്റ് നേടിയിരുന്നു. ഇത്തവണ അസം ജനതയുടെ സ്വത്വസംരക്ഷണവും വികസനവും ചൂണ്ടിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

അതേസമയം, 2016ലെ തകര്‍ച്ചയില്‍ നിന്ന് 2021 ല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും കോണ്‍ഗ്രസ് ‌23 സീറ്റിലൊതുങ്ങി. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്നും മുഖ്യമന്ത്രി ഹിമന്ത വികസനമല്ല, വിദ്വേഷ പ്രചാരണമാണ് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്‍റെ കാംപയ്ന്‍.

ബ്രഹ്മപുത്ര വാലി, ബാറാക് വാലി, മലയോര ജില്ലകള്‍, ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ റീജിയന്‍ എന്നിവയാണ് അസമിന്‍റെ രാഷ്ട്രീയ സ്വഭാവത്തെ പൊതുവില്‍ നിര്‍ണയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ അസമിന്‍റെ രാഷ്ട്രീയചായ്‍വുകളിലും വോട്ടര്‍മാരുടെ മുന്‍ഗണനയിലുമെല്ലാം വലിയ മാറ്റം സംഭവിച്ചു. സംസ്ഥാന രൂപീകരണം മുതല്‍ 2011 വരെ കോണ്‍ഗ്രസിന്‍റെ ആധിപത്യമായിരുന്നു അസമിലെങ്കില്‍ പിന്നീടിങ്ങോട്ട് ബിജെപി പിടിമുറുക്കി. 2001ല്‍ കോണ്‍ഗ്രസ് 71 സീറ്റുകളിലും ബിജെപി എട്ട് സീറ്റുകളിലുമാണ് അസമില്‍ ജയിച്ചത്. 2021 ആയപ്പോള്‍ കോണ്‍ഗ്രസ് 29 സീറ്റുകളിലേക്ക് ചുരുങ്ങുകയും ബിജെപി 60 സീറ്റുകളിലേക്ക് വളരുകയും ചെയ്തു.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് അസമില്‍ കോണ്‍ഗ്രസ് നേടിയത്. 126 ല്‍ 78 സീറ്റും നേടി. തരുണ്‍ ഗൊഗോയ് മൂന്നാമതും മുഖ്യമന്ത്രിയായി. 39.39 ശതമാനമായിരുന്നു കോണ്‍ഗ്രസിന്‍റെ വോട്ടുവിഹിതം. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമക്രറ്റിക് ഫ്രണ്ട് – 18 സീറ്റ്, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് – 12 സീറ്റ്, അസം ഗണ പരിഷത് – 10 സീറ്റ്, ബിജെപി – 5 സീറ്റ്, സ്വതന്ത്രര്‍ – 2 സീറ്റ്, തൃണമൂല്‍ കോണ്‍ഗ്രസ് – 1 സീറ്റ് എന്നിങ്ങനെയായിരുന്നു മറ്റുപാര്‍ട്ടികളുടെ അന്നത്തെ നില.

2016 ല്‍ ചിത്രം മാറി. ആദ്യമായി ബിജെപി അസമില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 60 സീറ്റുകള്‍. 29.51 ശതമാനം വോട്ടുകളേ നേടാനായുള്ളൂവെങ്കിലും അസം ഗണപരിഷത്തിനെയും (14 സീറ്റ്) ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിനെയും (12 സീറ്റ്) കൂട്ടി അധികാരത്തിലെത്തി. കോണ്‍ഗ്രസ് 26 സീറ്റുകളിലേക്ക് ചുരുങ്ങി.

2021ലെത്തിയപ്പോള്‍ ബിജെപി കരുത്ത് വര്‍ധിപ്പിച്ചു. 75 സീറ്റുകളില്‍ ജയിച്ചു കയറി. വോട്ടുവിഹിതത്തിലും വര്‍ധനയുണ്ടായി (33.21%). കോണ്‍ഗ്രസ് 29 സീറ്റുകളിലാണ് ജയിച്ചത്. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമക്രറ്റിക് ഫ്രണ്ട് – 16, എജിപി – 9, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ – 6, ബോഡോലാന്‍‍ഡ് പീപ്പിള്‍സ് ഫ്രണ്ട് – 4, സിപിഎം – 1, സ്വതന്ത്രന്‍ – 1 എന്നിങ്ങനെയായിരുന്നു മറ്റുള്ളവര്‍ നേടിയ സീറ്റുകള്‍.

ENGLISH SUMMARY:

The BJP-led NDA has secured a decisive third consecutive term in Assam, winning 100 seats and significantly improving its 2021 tally. Chief Minister Himanta Biswa Sarma retained his Jalukbari stronghold with a massive margin of nearly 90,000 votes, while high-profile opposition leaders, including Congress PCC President Gaurav Gogoi and Debabrata Saikia, suffered major defeats. The Congress party was relegated to just 23 seats despite a high-stakes campaign focused on anti-corruption and unity. This election, the first following the state's constituency delimitation, saw a record 85.96% voter turnout across Brahmaputra and Barak valleys. The results cement the BJP's total dominance over a political landscape once controlled by the Congress for decades. Ultimately, the BJP’s focus on regional identity and infrastructure successfully countered the opposition's narrative of hate speech and administrative failure.