b-j-p

TOPICS COVERED

കോഴിക്കോട് വടകര, കുറ്റ്യാടി മേഖലയിലെ പൊട്ടിത്തെറിയില്‍ പകച്ച് ബിജെപി നേതൃത്വം. ജില്ലാ പ്രസിഡന്‍റിനെതിരെ പ്രകടനം നടത്തിയവര്‍ക്കെതിരെ വിട്ടുവിഴ്ച്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് നേതൃത്വം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ആലോചിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച്ച പറ്റിയെന്ന ആരോപണത്തില്‍ നോര്‍ത്ത് ജില്ലാപ്രസിഡന്‍റ് സി.ആര്‍ . പ്രഫുല്‍ കൃഷ്ണന്‍ മൗനം തുടരുകയാണ്

വടകരയിലാണ് ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ  പ്രവര്‍ത്തകരുടെ ആദ്യ പ്രകടനം നടന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ വടകര നാദാപുരം മണ്ഡലങ്ങളിലെ 9 പ്രവര്‍ത്തകര്‍ക്കെതിരെ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് എടുത്ത നടപടി പിന്‍വലിക്കില്ലെന്ന നിലപാടില്‍ നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുറ്റ്യാടിയിലും നോര്‍ത്ത് ജില്ലാ പ്രസിഡന്‍റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണനെതിരെ പ്രകടനം നടന്നത്.

വിമത പ്രവര്‍ത്തനം നടത്തിയവരുമായി സന്ധി സംഭാഷത്തിന് ഒരുക്കമല്ലെന്നാണ് നോര്‍ത്ത് ജില്ലാ കമ്മറ്റിയുടെ നിലപാട്. അച്ചടക്ക നടപടിയെടുത്തത് വിമതസ്ഥാനാര്‍ഥിയായവര്‍ക്കെതിരെയും അവര്‍ക്കൊപ്പം നിന്നവര്‍ക്കെതിരെയുമാണെന്ന് നേതൃത്വം വിശദീകരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് നോര്‍ത്ത് ജില്ലാ പ്രസിഡന്‍റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍  തയ്യാറായിട്ടില്ല. നടപടിയില്‍ നിന്ന് പുറകോട്ട് പോയില്ലെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതിഷേധക്കാരുടെ ഭീഷണി. 

ENGLISH SUMMARY:

BJP Kozhikode's leadership is in shock following an internal uproar in the Vadakara and Kuttiady regions. Despite assurances of strict action against those who protested the district president, decisions will be made cautiously, while the North District President CR Praful Krishnan remains silent on allegations of flawed candidate selection.,manorama news