BengalHumayunKabirpkg-1-

ബംഗാളില്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി എ.ജെ.യു.പി നേതാവ് ഹുമയൂണ്‍ കബീറിനെതിരായ വീഡിയോ. ബി.ജെ.പി 1000 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ഹുമയൂണ്‍ കബീര്‍ പറയുന്ന വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് പുറത്തുവിട്ടത്. ടി.എം.സി. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി കള്ളപ്പണം ഒഴുക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.

 കഴിഞ്ഞ വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാവാണ് ഹുമയൂണ്‍ കബീര്‍. പിന്നാലെ ആം ജനത ഉന്ന്യാന്‍ പാര്‍ട്ടി രൂപീകരിച്ച് പ്രചാരണം തുടങ്ങി. ബംഗാളില്‍ ബാബറി മസ്ജിദ് എന്ന പേരില്‍ പള്ളി സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലൂടെയാണ് ദേശീയ തലത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പില്‍ അസദുദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യവും രൂപീകരിച്ചു.

കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍, മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി. 1000 കോടി രൂപ വാഗ്ദാനം ചെയ്തെന്നും അത് സ്വീകരിച്ചെന്നുമാണ് ഹുമയൂണ്‍ കബീര്‍ പറയുന്നത്. ആദ്യഘട്ടമായി 200 കോടി രൂപ തന്നു. എ.ജെ.യു.പി 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടുകയും എന്‍.ഡി.എക്ക് 100 മുതല്‍ 120 വരെ സീറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നാണ് ബി.ജെ.പി. വാഗ്ദാനം എന്നും പറയുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹുമയൂണ്‍ കബീര്‍ ആരോപണം നിഷേധിച്ചു. നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ചതാണ് വീഡിയോ എന്നും ടി.എം.സിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ഹുമയൂണ്‍ കബീറുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിലും നല്ലത് പ്രതിപക്ഷത്തിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു. അതിനിടെ അസദുദീന്‍ ഒവൈസി എ.ജെ.യു.പിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതായി അറിയിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം കടുപ്പിക്കുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കള്ളപ്പണം ഒഴുക്കുന്ന ബി.ജെ.പി. ഇ.ഡിയെയും സി.ബി.ഐയെും കാണിച്ച് മറ്റ് പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുകയാണെന്ന് മമത ബാനര്‍ജി പറയുന്നു.

ENGLISH SUMMARY:

Humayun Kabir video has ignited a political controversy in West Bengal, with Trinamool Congress releasing a video where AJP leader Humayun Kabir alleges BJP offered ₹1000 crore. Mamata Banerjee accused the BJP of channeling black money to destabilize the TMC government.