കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉയര്‍ന്ന വോട്ടിങ് ശതമാനവും സ്ത്രീവോട്ടര്‍മാരുടെ വര്‍ധനയും ബി.ജെ.പിക്ക് അനുകൂലമാണ്. വോട്ടെടുപ്പിന്

ശേഷം ജയം അവകാശപ്പെടാന്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധിക്കുന്നില്ല. ഉയര്‍ന്ന പോളിങ് ഉണ്ടായ സ്ഥലങ്ങളിലെല്ലാം ബി.ജെ.പിക്ക് അനുകൂലമാണെന്നും ബംഗാളിലെ റാലിയില്‍ മോദി പറഞ്ഞു

 

കണക്ക് കൂട്ടി മുന്നണികള്‍

 

തിരഞ്ഞെടുപ്പ് അവലോകനവുമായി സിപിഎമ്മിന്റെ ജില്ലാസെക്രട്ടറിയേറ്റുകള്‍ യോഗം ചേര്‍ന്നു. അമ്പലപ്പുഴയില്‍ തിരിച്ചടിയുണ്ടാവുമെന്നും ജില്ലയില്‍ സീറ്റുകള്‍ നഷ്ടപ്പെടാനാണ് സാധ്യതയെന്നും വിലയിരുത്തല്‍. എറണാകുളത്ത് നേട്ടമുണ്ടാക്കുമെന്നും ജില്ലയിൽ ആറുസീറ്റുകൾ വരെ നേടും. എറണാകുളത്ത് സിറ്റിങ് സീറ്റുകള്‍ക്ക് പുറമേ തൃപ്പൂണിത്തുറയും പിടിക്കുമെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു. ആറന്മുളയില്‍ വീണാ ജോര്‍ജ് ഏഴായിരം വോട്ടിന് ജയിക്കും. പത്തനംതിട്ടയില്‍ എല്ലാ മണ്ഡലവും പിടിക്കുമെന്നാണ് വിലയിരുത്തല്‍. 

 

Also Read: അടിച്ച് പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭ സുരേന്ദ്രന്‍


അഭിമാന പോരാട്ടം നടക്കുന്ന അമ്പലപ്പുഴയിൽ ജി.സുധാകരന്റെ സ്‌ഥാനാർഥിത്വം കൊണ്ടുണ്ടായ പ്രതികൂല ഘടകങ്ങൾ കാരണം എല്‍ഡിഎഫ് പിന്നിൽ പോകാൻ സാധ്യതയുണ്ടെന്ന് സിപിഎം  പ്രാഥമിക വിലയിരുത്തൽ. കുട്ടനാടും എല്‍ഡിഎഫിന് നഷ്ടമാകുമെന്നും മൂന്നിടത്ത് വിജയം ഉറപ്പെന്നുമാണ് ബൂത്ത് തല കണക്കുകൾ അടിസ്ഥാനമാക്കിയുള്ള നിഗമനം. നാലിടത്ത് മൽസരം കടുത്തതെന്നും പാർട്ടി വിലയിരുത്തുന്നു

 

ജി.സുധാകരൻ സ്ഥാനാർഥിയായതോടെ അമ്പലപ്പുഴയിൽ പതിവായി എൽഡിഎഫിന് കിട്ടിയിരുന്ന വോട്ടുകൾ ലഭിച്ചില്ല. ഭരണവിരുദ്ധ വികാരം , ജി.സുധാകരൻ എതിർ സ്ഥാനാർഥി ആയത് , പാർട്ടിഅനുഭാവികൾ, നിഷ്പക്ഷമതികൾ എന്നിവരുടെ വോട്ടുകളിലെ ചോർച്ച തുടങ്ങിയ പ്രതികൂല ഘടകങ്ങൾ നിമിത്തം നേരിയ വോട്ടുകൾക്ക് അമ്പലപ്പുഴ എല്‍ഡിഎഫിന് നഷ്ടമാകാനുള്ള സാധ്യതയും കണക്കുകൾ അടിസ്ഥാനമാക്കിയുള്ള അവലോകനത്തിൽ വ്യക്തമാക്കുന്നു.

 

അനുകൂല ഘടകങ്ങൾ വോട്ടായി മാറിയാൽ 5000 ൽ പരം വോട്ടിൻ്റെ ഭൂരിപക്ഷം ലഭിക്കും. അനുഭാവി വോട്ടുകളിൽ കുറവുണ്ടായെങ്കിലും പരമ്പരാഗത സിപിഎം  വോട്ടുകളും ഉറച്ച പാർട്ടി വോട്ടുകളും ചോർന്നിട്ടില്ല. ജി.സുധാകരൻ സ്‌ഥാനാർഥിയല്ലായിരുന്നെങ്കിൽ എൽഡിഎഫ് സ്ഥാനാർഥിക്ക്  ലഭിക്കുമായിരുന്ന വോട്ടുകൾ നഷ്‌ടമായി. ബിജെപി വോട്ടുകൾ ജി. സുധാകരന് ലഭിച്ചിട്ടുണ്ട്. കളർകോട് , കൈതവന , പഴവീട് തുടങ്ങിയ മേഖലകളിൽ പാർട്ടിക്ക് ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന നിഷ്പക്ഷമതികളുടെ വോട്ടുകൾ പൂർണമായി കിട്ടിയിട്ടില്ല.

 

അമ്പലപ്പുഴയ്ക്കു പുറമേ കായംകുളം, കുട്ടനാട് , ആലപ്പുഴ, അരൂർ എന്നിവിടങ്ങളിൽ കടുത്ത മൽസരമാണ്. ഇതിൽ ആലപ്പുഴ ഒഴികെയുള്ള നാലിടത്തും മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനെത്തിയിരുന്നു. അരൂരിൽ ബൂത്ത് തല കണക്കുകൾ പ്രകാരം അറുനൂറോളം വോട്ടുകൾക്ക് എല്‍ഡിഎഫ് പിന്നിലാണ്. ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല എന്നിവിടങ്ങളിൽ വിജയം ഉറപ്പാണ്. ഹരിപ്പാട്, കുട്ടനാട് സീറ്റുകൾ നഷ്ടമാകും. കുട്ടനാട്ടിൽ 7600 ഓളം വോട്ടുകൾക്ക് എൽഡിഎഫ്  പിന്നിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സിപിഎം തിരഞ്ഞെടുപ്പുകമ്മിറ്റി സെക്രട്ടറിമാരുടെ യോഗം ഇന്നലെ ചേർന്നു. ഇന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റിൽ വിശദമായ ചർച്ച നടക്കും.

 

കുന്നത്തുനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടന്നതായി എല്‍.ഡി,.എഫ് സ്ഥാനാര്‍ഥി പി.വി ശ്രീനിജിന്‍ ആരോപിച്ചു. ട്വന്‍റി–ട്വന്‍റിയുടെ പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ രാജിക്ക് പിന്നില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഇടപെടല്‍ ചര്‍ച്ച ചെയ്യണം. ഉത്തരേന്ത്യയില്‍ ബി.ജെ.പി നടത്തുന്ന രീതിയിലുള്ള  കുതിരക്കച്ചവടമാണ്   ട്വന്‍റി–ട്വന്‍റിയുമായി ചേര്‍ന്ന് യു.ഡി.എഫ് നടത്തിയതെന്നും മേയ് നാലിന് ശേഷവും കുന്നത്തുനാട്ടില്‍ എം.എല്‍.എയായി തുടരുമെന്നും പി.വി ശ്രീനിജിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Kerala BJP win is anticipated based on high voter turnout and increased women participation, according to Prime Minister Narendra Modi. Both LDF and UDF are reportedly unable to confidently claim victory following the elections.