മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായ് അന്തരിച്ചു. പുലര്‍ച്ചെ നാല് മണിക്ക് നോയിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകീട്ട് നിസാമുദ്ദീനിലാണ് സംസ്കാരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെയും കോൺഗ്രസിലെയും മുതിർന്ന വനിതാ നേതാക്കളിലൊരാളായ മൊഹ്‌സിന കിദ്വായ് പകരക്കാരില്ലാത്ത രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉടമയാണ്. 1978-ൽ അടിയന്തരാവസ്ഥക്ക് ശേഷം കോൺഗ്രസ് തകർന്നപ്പോള്‍ യുപി അസംഗഡിൽ നിന്ന് ജയിച്ച് ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവിന് ഊര്‍ജമായ നേതാക്കളിലൊരാള്‍. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ ആരോഗ്യം, നഗരവികസനം, വനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെര്‍പേഴ്സണായി. ദീർഘകാലം കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗമായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
2004- 2010 കാലയളവിൽ എഐസിസി ജനറൽ സെക്രട്ടറിയായിരിക്കെ കേരള രാഷ്ട്രീയത്തിലും നിർണ്ണായക ഇടപെടലുകൾ നടത്തി. 'A', 'I' ഗ്രൂപ്പ് പോര് കൊടുമ്പിരിക്കൊണ്ടിരിക്കെ ഹൈക്കമാൻഡ് അയച്ചിരുന്ന ദൂതയായിരുന്നു മൊഹ്സിന. കെ.കരുണാകരൻ പാർട്ടി വിട്ട് ഡിഐസി രൂപീകരിച്ചപ്പോഴും തിരിച്ചുവന്നപ്പോഴും മൊഹ്സിന ചര്‍ച്ചക്ക് നേതൃത്വം നല്‍കി. യുപിയിലെ ബന്ദയില്‍ 1932 ജനുവരി 1ന് ജനിച്ച മൊഹസിന യുപി പിസിസിയുടെ ആദ്യ വനിത അധ്യക്ഷയാണ്. മൊഹ്സിന കിദ്വായിയുടെ നിര്യാണത്തില്‍ സോണിയാ ഗന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ അനുശോചിച്ചു.