Image Credit : Facebook
ഇലക്ഷന്‍ കിങ് എന്ന പേരില്‍ അറിയപ്പെടുന്ന കെ പത്മരാജന്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കാനുളള രണ്ടാമത്തെ പത്രികയും സമര്‍പ്പിച്ചു. ഇത്തണ പത്മരാജന്‍റെ പോരാട്ടം തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെയാണ്. തന്‍റെ ജീവിതത്തിലെ 254ാമത്തെ നാമനിര്‍ദേശ പത്രികയാണ് കെ പത്മരാജന്‍ പെരമ്പൂരില്‍ സമര്‍പ്പിച്ചത്.
രണ്ടാഴ്ച മുന്‍പ് തമിഴ്നാട്ടിലെ മേട്ടൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ 253ാമത്തെ പത്രിക പത്മരാജന്‍ നല്‍കിയിരുന്നു. അതിന് പുറമെയാണ് പെരമ്പൂരിലും പത്രിക സമര്‍പ്പിച്ചത്. 1988ല്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ തുടങ്ങിയ പത്മരാജന്‍റെ ലക്ഷ്യം ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിന്‍റെ ലോകറെക്കോര്‍ഡ് സ്വന്തമാക്കുക എന്നതാണ്. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് തോറ്റതിന് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഡൽഹി ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയില്‍ പത്മജരാജന്‍റെ പേര് ഇടംപിടിച്ചിട്ടുണ്ട്.
തന്‍റെ ഇതുവരെയുളള തിരഞ്ഞെടുപ്പ് മല്‍സരങ്ങളില്‍ ഏറ്റവും മികച്ചത് 2011ല്‍ തമിഴ്നാട് നിയമസഭയിലേക്ക് മല്‍സരിച്ചതാണെന്ന് പത്മരാജന്‍ പറയുന്നു. അന്ന് മേട്ടൂര്‍ മണ്ഡലത്തില്‍ തനിക്ക് ലഭിച്ചത് 6,273 വോട്ടുകളാണെന്നും അത് തന്നെ അല്‍ഭുതപ്പെടുത്തിയെന്നും പത്മരാജന്‍ പറയുന്നു. മല്‍സരിച്ച് ജയിക്കുന്നതില്‍ മാത്രമല്ല മല്‍സരിക്കാന്‍ അവസരം കണ്ടെത്തുന്നതും വലിയ കാര്യമാണെന്നും വിജയം ഒരിക്കലും തന്‍റെ ലക്ഷ്യമായിരുന്നില്ലെന്നും പത്മരാജന്‍ വ്യക്തമാക്കി.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമുതൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് വരെ പത്മരാജൻ പത്രിക നൽകിയിട്ടുണ്ട്. എ.ബി. വാജ്‌പേയി, പി.വി. നരസിംഹറാവു, ജെ. ജയലളിത, എം. കരുണാനിധി, പിണറായി വിജയൻ, വയലാർ രവി, എ.കെ. ആന്‍റണി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെയെല്ലാം മല്‍സരിക്കാന്‍ പത്മരാജന്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലെ പത്രികകളും തള്ളിപ്പോവുകയാണ് പതിവ്. 2014ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പത്മരാജന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രികാ സമര്‍പ്പണത്തിനായി ഇതിനോടകം ഒരുകോടിയിലേറെ രൂപ ചെലവിട്ടെന്നും പത്മരാജന്‍ പറയുന്നു.
പലവട്ടം മല്‍സരിച്ച് തോറ്റിട്ടും പത്രിക തളളിപ്പോയിട്ടും പിന്‍വാങ്ങാന്‍ തയാറാവാത്ത പത്മരാജന്‍ ഇലക്ഷന്‍ കിങ് എന്ന പേരിലാണ് സമൂഹത്തില്‍ അറിയപ്പെടുന്നത്. ടയർ റീസോളിങ് സ്ഥാപനം നടത്തുന്നതുകൊണ്ട് തന്‍റെ ഇഷ്ട ചിഹ്നം ടയറാണെന്നും പത്മരാജന്‍ പറയുന്നു.