തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് ചൂടേറിയതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി പാര്‍ട്ടികള്‍. പ്രതിപക്ഷനേതാവ് എടപ്പാടി പളനിസാമി ബിജെപിയുടെ അടിമയെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ഡിഎംകെയുടെ അഴിമതി ഭരണത്തിന് അറുതി വരുത്തുമെന്നും എടപ്പാടി നയിക്കുന്ന എന്‍ഡിഎ സഖ്യം വന്‍ വിജയം നേടുമെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.
തിരുവണ്ണാമലൈയിലെ പ്രചാരണ പരിപാടിക്കിടെയാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടിക്കെതിരെ ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തിയത്. എടപ്പാടി പളനിസാമി ബിജെപിയുടെ അടിമയെന്ന് പറഞ്ഞ ഉദയനിധി പോരാട്ടം തമിഴ്നാടും ഡല്‍ഹിയും തമ്മിലെന്ന് ആവര്‍ത്തിച്ചു.
സംസ്ഥാനത്തെ അഴിമതിക്കും ക്രമസമാധാന തകര്‍ച്ചയ്ക്കുമുള്ള ഉത്തരവാദിത്തം ഡിഎംകെ – കോണ്‍ഗ്രസ് സഖ്യത്തിനാണ് എന്ന് തമിഴ്നാടിന്‍റെ ചുമതലയുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പിയുഷ് ഗോയല്‍. കര്‍ഷകരേയും മല്‍സ്യത്തൊഴിലാളികളേയും യുവാക്കളേയുമെല്ലാം ഇവര്‍ വഞ്ചിച്ചുവെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
ടിവികെ അധ്യക്ഷന്‍ വിജയെ ആക്രമിക്കാനും ഗോയല്‍ മറന്നില്ല. വിജയ് സ്വപ്നലോകത്താണ് ജീവിക്കുന്നതെന്നും പോപ്പുലാരിറ്റി വോട്ടാകാണമെന്ന് ഇല്ലെന്നും ഗോയല്‍ പറഞ്ഞു. കമല്‍ ഹാസന്‍റേയും വിജയകാന്തിന്‍റേയും കാര്യത്തില്‍ ഇത് കണ്ടതാണെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
കരൂര്‍ ദുരന്തം ഉള്‍പ്പെടെയും വീണ്ടും ചര്‍ച്ചയാകുകയാണ്. ദുരന്തത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം വിജയ്ക്കാണെന്ന് ആവര്‍ത്തിക്കുകയാണ് ഡിഎംകെ. വരും ദിവസങ്ങളില്‍ വാക് പോര് കൂടുതല്‍ കടുക്കുമെന്ന് ഉറപ്പാണ്.