രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ബംഗാള്‍ സന്ദര്‍ശനത്തിലെ വിവാദം മുറുകുന്നതിനിടെ രാഷ്ട്രപതി നിൽക്കുകയും പ്രധാനമന്ത്രി ഇരിക്കുകയും ചെയ്യുന്ന ചിത്രവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എക്സ് അക്കൗണ്ടില്‍ പങ്കിട്ട വിഡിയോയില്‍ ഒരു പൊതു റാലിയില്‍ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്ന മമതയെ കാണാം. ‘രാഷ്ട്രപതിയെ ബഹുമാനിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ഈ ഫോട്ടോ നോക്കൂ. പ്രധാനമന്ത്രി തന്‍റെ കസേരയിൽ സുഖമായി ഇരിക്കുമ്പോൾ രാജ്യത്തെ ആദ്യത്തെ ഗോത്രവർഗ വനിതാ രാഷ്ട്രപതി നിൽക്കുന്നു. രാഷ്ട്രപതിയോടുള്ള അനാദരവ് വ്യക്തം. താന്‍ രാഷ്ട്രപതിയെ ബഹുമാനിക്കുന്നുവെന്ന അദ്ദേഹത്തിന്‍റെ എല്ലാ അവകാശവാദങ്ങളും വെറും പൊള്ളയാണ്’ വിഡിയോ പങ്കുവച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കുറിച്ചു.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഇത് നിങ്ങൾക്കുള്ളതാണ്. നീങ്ങൾ രാഷ്ട്രപതിയെ, ഒരു സ്ത്രീയെ, ഒരു ആദിവാസി നേതാവിനെ ബഹുമാനിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തിനാണ് പ്രസിഡന്‍റ് നിൽക്കുന്നതും നിങ്ങൾ ഇരിക്കുന്നതും? ആരാണ് ബഹുമാനിക്കുന്നതെന്നും ആരാണ് ബഹുമാനിക്കാത്തതെന്നും ഈ ഫോട്ടോ തെളിയിക്കുന്നുണ്ട്’ മമത പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പുള്ള ഫോട്ടോയാണിത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരാണ് ഫോട്ടോയിലുള്ളത്. 2024 മാർച്ച് 31 ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അദ്വാനിയെ സന്ദർശിച്ച് ഭാരതരത്ന നൽകി ആദരിച്ചപ്പോള്‍ എടുത്ത ചിത്രമാണിത്.
എല്ലാ തിരഞ്ഞെടുപ്പിനും മുമ്പ് പ്രധാനമന്ത്രി ബംഗാളിനെ ഒരു ‘വോട്ട് പക്ഷി’യെപ്പോലെ ആക്രമിക്കാറുണ്ടെന്നും മമത ആരോപിച്ചു. ‘ഒരു സ്വകാര്യ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ മോശം ക്രമീകരണങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ രാഷ്ട്രപതിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. എന്നിട്ടും പരിപാടി ഷെഡ്യൂൾ ചെയ്തതുപോലെ തുടർന്നു. പ്രസിഡന്‍റിന്‍റെ സെക്രട്ടേറിയറ്റ് പങ്കിട്ട അംഗീകൃത ലൈനപ്പ് അനുസരിച്ചാണ് ബഹുമാനപ്പെട്ട രാഷ്ട്രപതിയെ സിലിഗുരി മുനിസിപ്പൽ കോർപ്പറേഷൻ മേയര്‍, ഡാർജിലിങ് ജില്ലാ മജിസ്ട്രേട്ട്, സിലിഗുരി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചത്. ബംഗാൾ മുഖ്യമന്ത്രി, ലൈനപ്പിലോ ഡെയ്‌സ് പ്ലാനിലോ ഉണ്ടായിരുന്നില്ല. ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് ഒരു പ്രോട്ടോക്കോൾ വീഴ്ചയും സംഭവിച്ചിട്ടില്ല’ മമത വ്യക്തമാക്കി.
പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയോ മന്ത്രിമാരോ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തണം. എന്നാല്‍ ഇന്നലെ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ സിലിഗുഡി മേയര്‍ ഗൗതം ദേബ് മാത്രമാണ് വിമാനതാവളത്തില്‍ എത്തിയത്. ആനന്ദബോസിന് പകരം ഗവര്‍ണറായി നിയമിതനായ ആര്‍.എന്‍.രവി പകരം ചുമതലയേറ്റിട്ടുമില്ല. പിന്നാലെയാണ് മൂന്ന് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതി മമത ബാനര്‍ജിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. വിമാന താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. ആദിവാസി സമ്മേളനത്തിന്റെ വേദി മാറ്റി, കുറഞ്ഞ ജനപങ്കാളിത്തം. സംസ്ഥാന സർക്കാരിന് ആദിവാസികളുടെ ക്ഷേമത്തില്‍ താല്‍പ്പര്യം ഇല്ലായിരിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തന്നോട് ദേഷ്യമാണോ എന്ന് ചോദിച്ച രാഷ്ട്രപതി, പരിപാടികളില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞോ എന്നും ചോദിച്ചിരുന്നു.
പിന്നാലെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ‘ജനാധിപത്യത്തിലും ആദിവാസി സമൂഹങ്ങളുടെ ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവരും നിരാശരാണ്. ഒരു ആദിവാസി സമൂഹത്തിൽ നിന്നുള്ള രാഷ്ട്രപതി പ്രകടിപ്പിച്ച വേദന ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ വലിയ ദുഃഖമായി മാറുകയാണ്’ അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ താല്‍പ്പര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയത്തിൽ ഇടപെടരുതെന്നാണ് രാഷ്ട്രപതിയോട് മമത ബാനര്‍ജി പറഞ്ഞത്. മണിപ്പുരിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ആദിവാസികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ രാഷ്ട്രപതി എന്തുകൊണ്ട് നിശബ്ദത പാലിച്ചെന്നും മമതയുടെ ചോദ്യം. രാജ്യത്തെ പരമോന്നത പദവി ബിജെപി രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു.