സ്റ്റാലിന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് തമിഴ്നാട്ടില്‍ വിജയ്. സ്റ്റാലിൻ ഭരണം മൊത്തം ഔട്ട് ഓഫ് കൺട്രോൾ ആണെന്ന് സേലത്തെ ടിവികെയുടെ പൊതു പരിപാടിയില്‍ വിജയ് പറഞ്ഞു. പരിപാടിക്ക് എത്തിയ മഹാരാഷ്ട്ര സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.
പ്രസംഗത്തിൽ ഉടനീളം വിജയ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിമർശിച്ചു. മറ്റ് പാർട്ടികൾക്ക് എല്ലാം പൊതുപരിപാടിയും യോഗങ്ങളും നടത്താൻ അനുമതി നൽകാറുണ്ട്. എന്നാല്‍ ടിവികെയ്ക്ക് മാത്രം അനുമതി നൽകുന്നില്ല. SOP എന്നാല്‍ ടിവികെയ്ക്ക് മാത്രം സ്റ്റാലിൻ സാർ ഓപ്പറേറ്റിംഗ് പ്രോസീജിയർ എന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ്. വിജയ് യെ വിശ്വസിക്കണോ സ്റ്റാലിനെ വിശ്വസിക്കണോ എന്ന ഒറ്റ ചോദ്യം മാത്രമാണ് തമിഴ്നാടിന് മുന്നിൽ ഉള്ളത് വിജയ് പറഞ്ഞു.
യോഗത്തിന് എത്തിയ മഹാരാഷ്ട്ര സ്വദേശിയായ 37 കാരൻ സൂരജ് ആണ് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ആണ് മരണം എന്നാണ് സൂചന. നേരത്തെ ഇദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. 10 വർഷത്തിന് മുകളിലായി ഇദ്ദേഹം സേലത്ത് താമസിച്ച് വരികയാണ്. യോഗസ്ഥലത്ത് കുഴഞ്ഞ് വീണ ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകുകയും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കരൂരിൽ വിജയ് യുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായിരുന്നു. അതിന് ശേഷം കടുത്ത നിയന്ത്രണത്തിൽ ആണ് വിജയുടെ യോഗങ്ങൾ നടക്കുന്നത്. 5000 പേർക്ക് മാത്രമാണ് ഇന്നത്തെ യോഗത്തിന് പാസ് നൽകിയിരുന്നത്.