ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം.  സ്പീക്കറുടെ സമീപനം പക്ഷപാതപരമെന്നാരോപിച്ചാണ് നീക്കം.  സ്പീക്കര്‍ അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് വനിതാ എം.പിമാര്‍ കത്ത് നല്‍കി.  രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ ലോക്സഭ മൂന്നുതവണ തടസപ്പെട്ടു.  തനിക്കുപകരം രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ സമയം നല്‍കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.  

നന്ദി പ്രമേയത്തിന് മറുപടി പറയാന്‍ പ്രധാനമന്ത്രി സഭയിൽ വന്നാൽ അനിഷ്ട സംഭവങ്ങളുണ്ടാകുമായിരുന്നു എന്നാണ് ഓം ബിർല കഴിഞ്ഞദിവസം പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഇരിപ്പിടിത്തനടുത്തെത്തി പ്രതിപക്ഷത്തെ വനിത എം.പിമാര്‍ പ്രതിഷേധിച്ചത് സൂചിപ്പിച്ചായിരുന്നു പരാമര്‍ശം.  ഇതെക്കുറിച്ച് വിശദീകരിക്കാൻ പ്രതിപക്ഷ നേതാവിനെ അനുവദിക്കണമെന്ന് ഇന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്പീക്കര്‍ വഴങ്ങിയില്ല. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതിനെ തുടർന്ന് സഭാ നടപടികള്‍ മൂന്നുതവണ തടസപ്പെട്ടു. ബജറ്റ് ചര്‍ച്ചയില്‍ ശശി തരൂരിനെ ചെയര്‍ ക്ഷണിച്ചെങ്കിലും രാഹുല്‍ ഗാന്ധിക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് തരൂര്‍ സംസാരിക്കാന്‍ വിസമ്മതിച്ചു.

സഭ പിരിഞ്ഞതിനുപിന്നാലെ പാര്‍ലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാക്കളുമായും സ്പീക്കറുമായും ചര്‍ച്ച നടത്തി.  രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കളും സ്പീക്കറെ കണ്ടു.  തങ്ങള്‍ക്കെതിരെ സ്പീക്കര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും അവ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് വനിത എംപിമാര്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. ഇന്ത്യ – യു.എസ് വ്യാപാരകരാറിക്കുറിച്ച് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തുംമുന്‍പേ പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിനെതിരായ അവകാശ ലംഘന നോട്ടിസിനെചൊല്ലി രാജ്യസഭയിലും ഭരണ പ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടി. ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ സഭയ്ക്കുപുറത്ത് പ്രതിഷേധം തുടരുകയാണ്.

ENGLISH SUMMARY:

The Lok Sabha Speaker faces a no-confidence motion as the opposition alleges biased conduct. This comes after disruptions in parliamentary proceedings and a letter from Congress women MPs to the Speaker regarding alleged baseless statements. The situation highlights growing tensions between the ruling party and the opposition