congress-cpm-flag

പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 294 സീറ്റുകളിലേക്കും ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്. മുന്‍വര്‍ഷങ്ങളിലേത് പോലെ സിപിഎമ്മുമായോ തൃണമൂല്‍ കോണ്‍ഗ്രസുമായോ സഖ്യത്തിനില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയുടെതാണ് തീരുമാനം.കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുവാങ്കർ സര്‍ക്കാര്‍, മുന്‍ പ്രസിഡന്‍റ് അധീര്‍ രഞ്ജന്‍ ചൗധരി, ഏക കോണ്‍ഗ്രസ് എംപി ഇഷാ ഖാന്‍ ചൗധരി എന്നിവരും ഡല്‍ഹിയില്‍ യോഗത്തിനെത്തി. 

പശ്ചിമ ബംഗാളില്‍ സഖ്യമായി മത്സരിക്കുന്നതിലൂടെ സംഘടനാ സംവിധാനം ദുര്‍ബലമായതായാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. സഖ്യമായി മത്സരിക്കുന്നത് താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരെ വളരെയധികം ദുർബലപ്പെടുത്തി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ എല്ലാവരുമായും ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെന്ന് ബംഗാളിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിർ പറഞ്ഞു.ജില്ലാതല യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നതിലും പുതിയ മുഖങ്ങളെ കൊണ്ടുവരുന്നതിലുമാണ് കോണ്‍ഗ്രസ് അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കുക

2016 ല്‍ കോണ്‍ഗ്രസ്– ഇടതു സഖ്യം ബംഗാളിലെ മുഖ്യപ്രതിപക്ഷമായിരുന്നു. കോണ്‍ഗ്രസ് 44 സീറ്റിലും സിപിഎം 26 സീറ്റിലുമാണ് വിജയിച്ചത്. എന്നാല്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിനെയും ചേര്‍ത്ത് മത്സരിച്ച ഇടത്– കോണ്‍ഗ്രസ് സഖ്യത്തിന് ഒറ്റ സീറ്റില്‍ ജയിക്കാനായില്ല. 2023 ലെ സാഗർദിഗി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു.

ENGLISH SUMMARY:

Congress will contest all 294 seats in the West Bengal Assembly elections alone, foregoing alliances with the CPM or TMC. This decision, made by the Congress Working Committee in Delhi, aims to strengthen the party's organizational structure at the grassroots level.