മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടിക്കുള്ളിലും കടുത്ത അമർഷം. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മത്സരിച്ചിരുന്നുവെങ്കിൽ വലിയ വിജയം നേടാനാകുമായിരുന്നുവെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. സഖ്യത്തിൽ മാന്യമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി എൻസിപി ശരദ് പവാർ വിഭാഗവും അസംതൃപ്തിയിലാണ്.
രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ ശബ്ദമായി വിലയിരുത്തപ്പെട്ട ഇന്ത്യ മുന്നണിയുടെ നട്ടെല്ലായിരുന്നു മഹാരാഷ്ട്ര മഹാ വികാസ് അഘാടി. എന്നാൽ 2024 നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ സഖ്യത്തിന്റെ ആവേശം മങ്ങിത്തുടങ്ങി.
തുടർന്ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും ശിവസേന ഉദ്ധവ് വിഭാഗവും കോൺഗ്രസും പരസ്പരം വേർതിരിഞ്ഞ് മത്സരിക്കുകയായിരുന്നു. മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒഴിവാക്കി നവനിർമാണ സേനയെയും എൻസിപി ശരത് പവാർ വിഭാഗത്തെയും ഒപ്പം ചേർത്താണ് ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീണിട്ടും ഉദ്ധവിന് പിടിച്ചുനിൽക്കാൻ സാധിച്ചു. അതേസമയം കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിട്ടും 24 സീറ്റുകൾ സ്വന്തമാക്കി. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സഖ്യത്തിന് പുറത്തുള്ള സൗഹൃദ മത്സരമാണ്' പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആത്മവിശ്വാസം ബിജെപിക്ക് ഗുണകരമാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ കോൺഗ്രസിനെയും എൻസിപി ശരത് പവാർ വിഭാഗത്തെ അലട്ടുന്നത്.