അധികാരത്തില്‍ പ്രാതിനിധ്യം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് മുഖം തിരിച്ച് ഡിഎംകെ. സഖ്യകക്ഷികളെ ഭരണത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എതിരാണെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഐ. പെരിയസ്വാമി പറഞ്ഞു. ആവശ്യമുന്നയിക്കാന്‍ കോണ്‍ഗ്രസിന് അധികാരമുണ്ടെന്നും സഖ്യസര്‍ക്കാറിനോട് ഡിഎംകെ അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.
''ഇതുവരെ തമിഴ്നാട്ടില്‍ സഖ്യസര്‍ക്കാറുണ്ടായിരുന്നില്ല, ഡിഎംകെ ഒറ്റയ്ക്കാണ് ഭരിച്ചത്. പാർട്ടിയുടെ ഈ നിലപാടിൽ യാതൊരു സംശയവുമില്ല, സഖ്യ സർക്കാർ ഉണ്ടാകില്ല, മുഖ്യമന്ത്രി ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നു'' എന്നാണ് പെരിയസ്വാമി പറഞ്ഞത്.
മാര്‍ച്ച്– ഏപ്രില്‍ മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അധികാരം പങ്കിടുന്നതിനെ പറ്റി കോണ്‍ഗ്രസ് ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ച ചെയ്യേണ്ട സമയമാണിതെന്നാണ് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ പറഞ്ഞത്. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവും കന്യാകുമാരി എംഎല്‍എ എസ് രാജേഷ്കുമാറും സഖ്യ സര്‍ക്കാറിനെ അനുകൂലിച്ച് സംസാരിച്ചു. "ഏതെങ്കിലും രാഷ്ട്രീയ പാർട്ടി അധികാരം വേണ്ടെന്ന് പറയുമോ, അപ്പോഴതിനെ എൻജിഒ എന്ന് പേര് മാറ്റണം" എന്ന് തമിഴ്‌നാട് കോൺഗ്രസിന്റെ ചുമതലയുള്ള ഗിരീഷ് ചോഡങ്കർ ചോദിച്ചത്.
സഖ്യമായി മത്സരിച്ചിരുന്നെങ്കിലും അധികാരത്തില്‍ സഖ്യകക്ഷികള്‍ക്ക് പങ്കാളിത്തമില്ലാതെയാണ് 1967 മുതല്‍ ഡിഎംകെയും എഐഎഡിഎംകെയും തമിഴ്‍നാട് ഭരിച്ചത്. 1952-57 കാലത്തെ ആദ്യ സഭയില്‍ കേവല ഭൂരിപക്ഷമില്ലാതിരുന്ന കോണ്‍ഗ്രസ് സഖ്യമായി ഭരിച്ചതാണ് അതിന് അപവാദം. 2006 ല്‍ കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും ഡിഎംകെ അഞ്ചുവര്‍ഷം ഭരിച്ചു. ഈ മന്ത്രിസഭയില്‍ പോലും സഖ്യകക്ഷികളുടെ ഒരു അംഗത്തെയും ഉള്‍പ്പെടുത്തിയിരുന്നില്ല.
അതേസമയം തന്നെ നടന്‍ വിജയ്‍യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവുമായി കോണ്‍ഗ്രസ് സഖ്യത്തിലെത്തുമെന്ന തരത്തില്‍ ചര്‍ച്ചകളുയര്‍ന്നു. വിവിധ കോണ്‍ഗ്രസ് നേതാക്കളാണ് ടിവികെയുമായി സഖ്യം വേണമെന്ന് നിലപാട് എടുത്തത്. അതേസമയം, ഡിഎംകെയുമായുള്ള സഖ്യത്തിന് ഭീഷണിയില്ലെന്നും സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ആവശ്യമുള്ള സീറ്റ് ലഭിക്കുമെന്നും തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ് കെ. സെൽവപെരുതഗായ് പറഞ്ഞു. പാര്‍ട്ടി അണികള്‍ക്കിടയില്‍ ഇത്തരം ചര്‍ച്ചകളുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനമാണ് അന്തിമമെന്നും സെൽവപെരുതഗായ് പറഞ്ഞു.