എന്‍.സുബ്രഹ്മണ്യന്‍ സ്വാമി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസ് വൈകിപ്പിക്കാന്‍ മോദി ശ്രമിക്കുന്നു. എപ്സ്റ്റീന്‍ ഫയല്‍സില്‍ പേരുവന്നതില്‍ വിശദീകരണം നല്‍കണം. ആര്‍.എസ്.എസ്. മോദിയെ നീക്കാത്തത് പാര്‍ട്ടി ഭിന്നിക്കാതിരിക്കാന്‍ വേണ്ടിയാണ് എന്നും സുബ്രഹ്മണ്യന്‍ സ്വാമി മനോരമ ന്യൂസിനോട് പറഞ്ഞു.

മനോരമ ന്യൂസ് സംഘത്തോട് സംസാരിക്കവെയാണ് നരേന്ദ്രമോദിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി തുറന്നടിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസ് താന്‍ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ശിക്ഷിക്കപ്പെട്ടാല്‍ ക്രെഡിറ്റ് എടുക്കാന്‍ വേണ്ടിയാണ് മോദി ഇ.ഡിയെ രംഗത്തിറക്കിയത്. ഇപ്പോള്‍ കോടതിയില്‍ നിന്ന് ഇ.ഡി നിരന്തരം തിരിച്ചടി നേരിടുകയാണെന്നും സ്വാമി. 

എപ്സ്റ്റീന്‍ ഫയല്‍സില്‍ പേരുണ്ടെന്ന ആരോപണം നേരിടുന്ന സാഹചര്യത്തില്‍ യു.എസ്. സന്ദര്‍ശത്തിനിടെ എവിടെയെല്ലാം പോയി, ആരെയെല്ലാം കണ്ടു എന്ന് മോദി വ്യക്തമാക്കണം. മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചയില്‍ ആര്‍.എസ്.എസിന് വഴങ്ങാന്‍ മോദി തയാറായില്ല. എന്നിട്ടും ആര്‍എസ്എസ് മോദിയെ നീക്കാത്തത് പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാവരുത് എന്നുകരുതി മാത്രമാണ്. ബിജെപി ഭിന്നിച്ചാല്‍ കോണ്‍ഗ്രസിനാണ് ഗുണം ചെയ്യുക എന്ന് ആര്‍.എസ്.എസിന് അറിയാം.

ലോകരാജ്യങ്ങളൊന്നും മോദിയെ അംഗീകരിക്കുന്നില്ല. ചൈന ഇന്ത്യയുടെ 40,000 സ്ക്വയര്‍ കിലോമീറ്റര്‍ ഭൂമി പിടിച്ചുവച്ചിരിക്കുന്നു. ചൈനയെയും അമേരിക്കയെയും മോദിക്ക് ഭയമാണെന്നും സ്വാമി പറഞ്ഞു

ENGLISH SUMMARY:

Senior BJP leader Subramanian Swamy has levelled serious allegations against Prime Minister Narendra Modi. He accused Modi of deliberately delaying the National Herald case involving Sonia Gandhi and Rahul Gandhi. Swamy said Modi must respond to claims linking his name to the Epstein files. He also alleged that the Enforcement Directorate was used for political credit but is now facing court setbacks. Swamy claimed the RSS is protecting Modi only to prevent a split within the BJP. He further alleged that India has lost territory to China and questioned Modi’s global acceptance.