shashi-tharoor-02

പാര്‍ട്ടി വിരുദ്ധസമീപനം തുടരുന്ന ശശി തരൂരിനെതിരെ  നടപടിക്ക് കോണ്‍ഗ്രസ് ആലോചന. തരൂരിന്‍റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം ശക്തമായ സാഹചര്യത്തിലാണിത്.  ചില വ്യക്തികളുടെ സ്തുതി പാർട്ടിയെ ബാധിക്കില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. റഷ്യന്‍ പ്രസിഡന്‍റിന് രാഷ്ട്രപതി നല്‍കിയ അത്താഴവിരുന്നില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമടക്കം പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. 

രാഷ്ട്രപതി ഭവനിലെ ഭക്ഷണത്തിന്‍റെ രുചിയെ പുകഴ്ത്തിയ തരൂരിന് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച പ്രതികരണം അത്ര രുചികരമായിരുന്നില്ല. പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നുംചില വ്യക്തികളുടെ സ്തുതി പാർട്ടിയെ ബാധിക്കില്ലെന്നും പറഞ്ഞ സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉചിതമായ സമയത്ത് വിഷയം ചർച്ച എന്ന് പറഞ്ഞു. ലോക്സഭ– രാജ്യസഭാ പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമില്ലാത്ത വിരുന്നില്‍ പങ്കെടുത്ത തരൂര്‍, സ്വന്തം മനസാക്ഷിയോടെങ്കിലും ആലോചിക്കണമായിരുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുറന്നടിച്ചു. വിദേശകാര്യ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയിലാണ് തന്നെ ക്ഷണിച്ചതെന്നാണ് തരൂരിന്‍റെ പ്രതിരോധം. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള പാര്‍ലമെന്‍റ് പ്രതിനിധിസംഘത്തെ നയിക്കാന്‍ പാര്‍ട്ടി അനുമതിയില്ലാതെ പോയപ്പോഴും ഇതുതന്നെയായിരുന്നു വിശദീകരണം. 

ലോക്്സഭാ പ്രതിപക്ഷ നേതാവിനെപ്പോലും ക്ഷണിക്കാത്ത വിരുന്നില്‍ എങ്ങനെയാണ് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ ഉള്‍പ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.  മറ്റ് നേതാക്കളെ ക്ഷണിക്കാത്ത് തനിക്ക് അറിയില്ല എന്ന് തരൂര്‍.  അതേസമയം, നിരന്തരം പാര്‍ട്ടി വിരുദ്ധസമീപനം തുടരുന്ന ശശി തരൂരിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായി.  നെഹ്റു കുടുംബത്തിനെതിരായ പരോക്ഷവിമര്‍ശനം കൂടിഉള്‍പ്പെട്ട  ലേഖനത്തിനുശേഷവും പ്രവര്‍ത്തകസമിതിയംഗമായി ശശി തരൂര്‍ തുടരുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം വിയോജിപ്പുണ്ട്. നടപടി ഏറ്റുവാങ്ങി പുറത്തുപോയ ശേഷം ബിജെപിയുമായി സഹകരിക്കാനാണ് തരൂരിന്‍റെ നീക്കമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. എന്നാല്‍  സര്‍ക്കാരുമായി സഹകരിക്കുന്നതിന് പ്രത്യയശാസ്ത്രവും നിലപാടുകളും അടിയറവു വയ്ക്കേണ്ടതില്ലെന്നാണ് ശശി തരൂരിന്‍റെ വിശദീകരണം.

ENGLISH SUMMARY:

Shashi Tharoor is facing potential disciplinary action from the Congress party due to his continued dissenting stance. This comes amid growing internal discontent regarding his actions and statements.