മൊബൈലുകൾ വിപണിയിലെത്തിക്കുന്നതിന് മുന്‍പ് കമ്പനികള്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. ആപ്പിന് വലിയ സ്വീകാര്യത ലഭിക്കുന്നു എന്ന കാരണം പറഞ്ഞാണ് കമ്പനികള്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശം പിന്‍വലിച്ചിരിക്കുന്നത്. നിലവില്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന നിര്‍ദ്ദേശം നേരത്തെ പിന്‍വലിച്ചിരുന്നു.
കൂടുതല്‍ പേര്‍ സഞ്ചാര്‍ സാഥി ആപ്പ് സ്വമേധയാധയാ ഇൻസ്റ്റാൾ ചെയ്യുന്നു എന്ന കാരണം പറഞ്ഞാണ് കേന്ദ്രം ആപ്പ് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചത്. അതുമായി ബന്ധപ്പെട്ട കണക്കും കേന്ദ്രം പുറത്തുവിട്ടു. കഴിഞ്ഞ ഒരു ദിവസത്തിനിടെ മാത്രം ആറ് ലക്ഷം പേർ സഞ്ചാര്‍ സാഥി ആപ്പ് ഡൌൺലോഡ് ചെയ്തെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതായത് സഞ്ചാര്‍ സാഥി ആപ്പ് നിർബന്ധമാക്കുകയും അതിനെതിരെ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തപ്പോഴും ആറ് ലക്ഷം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു എന്നാണ് കേന്ദ്രം പറയുന്നത്. ഇതുവരെ ഒരു ഒന്നര കോടിയിലധികം പേർ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
ആപ്പ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രധാനപ്പെട്ട മൊബൈൽ കമ്പനികളായ ആപ്പിളും സാംസങും അടക്കം രംഗത്തെത്തിയിരുന്നു. ഈയൊരു ഘട്ടത്തിൽ കൂടിയാണ് കേന്ദ്രം സഞ്ചാര്‍ സാഥിയില്‍ നിന്നും യൂ ടേണ്‍ അടിച്ചിരിക്കുന്നത്. ഫോൺ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ് ആപ്പ് എന്നായിരുന്നു കേന്ദ്രം തുടക്കത്തില്‍ നല്‍കിയ വിശദീകരണം. വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐ.എം.ഇ.ഐ. നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണ് സഞ്ചാർ സാഥി എന്നും ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നുമായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്.
മൊബൈൽ ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണെന്നായിരുന്നു എംപിമാരുടെ വിമര്‍ശനം.