കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ പാലം ജോണ്‍ ബ്രിട്ടാസ് എം.പിയെന്ന് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ രാജ്യസഭയില്‍. പി.എം ശ്രീ ധാരണാപത്രം ഒപ്പിട്ടതിനെക്കുറിച്ചുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ ധാരണാപത്രത്തിന് താന്‍ മധ്യസ്ഥനായില്ലെന്നും കേരളത്തിനു വേണ്ടിയുള്ള ഇടപെടലുകളാണ് നടത്തിയതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക് കേന്ദ്ര ഫണ്ട് നൽകാനാകാത്തതിന് കാരണം സംസ്ഥാനത്തെ ഭരണ മുന്നണിയിലെ തർക്കമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി. കേരളം അതിദാരിദ്ര്യ മുക്തമെന്ന പ്രഖ്യാപനംകൊണ്ട് മഞ്ഞ റേഷന്‍ കാര്‍ഡ് ഇല്ലാതാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
കേരളത്തിന് സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട് നിഷേധിക്കുന്നത് രാഷ്ട്രീയതാല്‍പര്യങ്ങള്‍ മൂലമാണോ എന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്‍റെ ചോദ്യം. ബിജെപി ഇതരപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന SSK ഫണ്ടിന്‍റെ കണക്ക് പറഞ്ഞ ധര്‍മേന്ദ്രപ്രധാന്‍, കേരളം പി.എം ശ്രീയില്‍ നിന്ന് പിന്‍മാറുന്നതിനെ വിമര്‍ശിച്ചു. കേരളത്തിനും –കേന്ദ്രത്തിനും ഇടയിലെ പാലമായ ജോണ്‍ ബ്രിട്ടാസിന് എല്ലാം അറിയാമെന്നും മന്ത്രി.
കേരളത്തിലെ മുന്നണിയിലെ തർക്കത്തിന്‍റെ ഭാരം ജനങ്ങളുടെ ചുമലിൽ വയ്ക്കരുത്. സംസ്ഥാന മന്ത്രി തന്നെ വന്നു കണ്ടു ദേശീയവിദ്യാഭ്യാസനയം അംഗീകരിക്കാമെന്ന് സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറി എന്നും ധര്‍മേന്ദ്ര പ്രധാന്‍. കേരളത്തെ അതിദാരിദ്ര്യരഹിതമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയുയര്‍ന്ന പ്രധാന സംശയത്തിനും കേന്ദ്രം വ്യക്തത വരുത്തി. അതിദാരിദ്ര്യ വിഭാഗത്തിനുള്ള അന്ത്യോദയ അന്നയോജന മഞ്ഞ റേഷന്‍ കാര്‍ഡ് തുടരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി എം.കെ രാഘവന്‍റെയും എൻ.കെ പ്രേമചന്ദ്രന്‍റെയു ചോദ്യത്തിന് ഉത്തരം നല്‍കി. 2015- 21 വരെ കേരളത്തിൽ 53,239 പേർ ബഹുമുഖ ദാരിദ്യ മുക്തമായിയെന്നും മറുപടി. സഞ്ചാര്‍ സാഥി ആപ്പ് ഉപയോഗിച്ച് ചാരവൃത്തി നടക്കില്ലെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയില്‍ വിശദീകരിച്ചു. ലേബർ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യം സഭാ കവാടത്തില്‍ പ്രതിഷേധിച്ചു.