ലോക്സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം. സ്പീക്കറുടെ സമീപനം തീർത്തും പക്ഷപാതപരമെന്ന് കോൺഗ്രസ്‌ ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ ലോക്സഭ രണ്ടുതവണ തടസപ്പെട്ടു. വ്യാപാര കരാര്‍ പാര്‍ലമെന്‍റില്‍ വിശദീകരിക്കും മുന്‍പ് പുറത്തു പറഞ്ഞതില്‍ പീയൂഷ് ഗോയലിനെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടിസ് നല്‍കി.

നന്ദി പ്രമേയത്തിന് മറുപടി പറയാന്‍ പ്രധാനമന്ത്രി സഭയിൽ വന്നാൽ അനിഷ്ട സംഭവങ്ങളുണ്ടാകുമായിരുന്നു എന്നാണ് ഓം ബിർല കഴിഞ്ഞദിവസം പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഇരിപ്പിടിത്തനടുത്തെത്തി പ്രതിപക്ഷത്തെ വനിത എം.പിമാര്‍ പ്രതിഷേധിച്ചത് സൂചിപ്പിച്ചായിരുന്നു ഈ പരാമര്‍ശം.  ഇതെക്കുറിച്ച് വിശദീകരിക്കാൻ പ്രതിപക്ഷ നേതാവിനെ അനുവദിക്കണമെന്ന് ഇന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്പീക്കര്‍ വഴങ്ങിയില്ല. തുടര്‍ന്ന് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതിനെ തുടർന്ന് ചോദ്യോത്തര വേള തടസപ്പെട്ടു. 12 മണിക്കുശേഷം സഭ പുനരാരംഭിച്ചപ്പോഴും രാഹുല്‍ഗാന്ധിക്ക് അവസരം നല്‍കിയില്ല, പ്രതിഷേധത്തില്‍ വീണ്ടും സഭ നിര്‍ത്തിവച്ചു.

ഇന്ത്യ – യു.എസ് വ്യാപാര കരാറിക്കുറിച്ച് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തും മുന്‍പേ പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിനെതിരായ അവകാശ ലംഘന നോട്ടിസ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പിന്നീട് പരിഗണിക്കാമെന്ന് രാജ്യസഭാധ്യക്ഷന്‍ അറിയിച്ചതോടെ വീണ്ടും പ്രതിഷേധം. പാര്‍ലമെന്‍റില്‍ പറയേണ്ട കാര്യങ്ങള്‍ എങ്ങനെ പുറത്തുപറയുമെന്നും ജനാധിപത്യം സംരക്ഷിക്കണമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

The joint Opposition led by the Congress party is set to move a no-confidence motion against Lok Sabha Speaker Om Birla, alleging a partisan approach and silencing the Leader of the Opposition (LoP) Rahul Gandhi. Tensions escalated after Rahul Gandhi was prevented from citing a former Army Chief’s memoir during the debate on the Motion of Thanks to the President’s Address. Speaker Birla faced backlash for his recent statement claiming he advised PM Narendra Modi not to enter the House to prevent an "unpleasant incident" with Opposition women MPs. Additionally, a privilege notice was moved against Commerce Minister Piyush Goyal for leaking details of the India-US trade agreement to the media before informing Parliament. Mallikarjun Kharge accused the government of undermining democratic traditions and parliamentary norms. Stay updated on the evolving political standoff and the latest news from the 2026 Budget Session. Follow for live coverage of Parliament proceedings.