മുഖ്യമന്ത്രി പദത്തെച്ചൊല്ലി കർണാടക കോൺഗ്രസിൽ തുടരുന്ന തര്‍ക്കം പരിഹരിക്കാന്‍ നാളെ  ചര്‍ച്ച. മുഖ്യമന്ത്രിയുടെ വസതിയില്‍ രാവിലെ ഒന്‍പതിനാണ് ചര്‍ച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും പങ്കെടുക്കും. 

ഡിസംബർ ഒന്നിനു പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനു മുൻപ് രമ്യമായ പരിഹാരമുണ്ടാക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. 2023 മേയ് 20ന് അധികാരത്തിലേറിയ സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷത്തെ ഭരണം പൂർത്തിയാക്കിയ സാഹചര്യത്തിലാണു ശിവകുമാറിനു മുഖ്യമന്ത്രി പദം കൈമാറണമെന്ന ആവശ്യം ശക്തമായത്. നേതൃമാറ്റം ഉചിതമായ സമയത്തുണ്ടാകുമെന്ന് ഡികെയ്ക്ക് മുൻപ് ഉറപ്പു നൽകിയിരുന്ന നേതൃത്വം അത് എപ്പോഴാണെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിയെ മാറ്റില്ലെന്ന രീതിയിൽ പിന്നീട് പരസ്യമായി പ്രതികരിച്ചത് സിദ്ധരാമയ്യ പക്ഷത്ത് ആത്മവിശ്വാസം നൽകിയെങ്കിലും വ്യക്തമായ ഉറപ്പ് അദ്ദേഹം ആഗ്രഹിക്കുന്നു.

സാമൂഹികനീതിയും ദലിത്, പിന്നാക്ക രാഷ്ട്രീയവും രാഹുൽ ഗാന്ധി നിരന്തരം ആവർത്തിക്കുന്നതിനിടെ ആ വിഭാഗത്തിൽ നിന്നുള്ള നേതാവായ സിദ്ധരാമയ്യയെ പദവിയിൽ നിന്നു മാറ്റുന്നത് ബിജെപി ആയുധമാക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.  

ENGLISH SUMMARY:

Karnataka Congress dispute centers around the Chief Minister position. Discussions are scheduled to resolve the ongoing conflict between Siddaramaiah and DK Shivakumar regarding the leadership transition.