കോണ്‍ഗ്രസിനെതിരെ വീണ്ടും ശശി തരൂരിന്‍റെ ഒളിയമ്പ്. വിയോജിപ്പുകള്‍ തിരഞ്ഞെടുപ്പിന് മുന്‍പാകണമെന്നും തിരഞ്ഞെടുപ്പിന് ശേഷം രാജ്യനന്‍മയ്ക്കായി ഒന്നിച്ച് നില്‍ക്കണമെന്നുമാണ് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത് അങ്ങനെയാണെന്നും ട്രംപ്–മംദാനി കൂടിക്കാഴ്ചയെ പുകഴ്ത്തിയുള്ള പോസ്റ്റില്‍ പറയുന്നു. ഇന്ത്യയിലും ഇങ്ങനെ കാണാന്‍ കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനായി തനിക്ക് ചെയ്യാന്‍ കഴിയുന്നത് താന്‍ ചെയ്യുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും തരൂര്‍ കുറിച്ചു.
സമീപകാലത്തായി മോദി സ്തുതികളുമായി തരൂര്‍ കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വെട്ടിലാക്കിയിരുന്നു. കോണ്‍ഗ്രസിലായിരിക്കെ പ്രധാനമന്ത്രിയെ പുകഴ്ത്തുന്നത് എന്തിനെന്ന ചോദ്യങ്ങളോട് രാജ്യമാണ് വലുതെന്ന പ്രതികരണമാണ് തരൂര്‍ നടത്താറുള്ളത്.