രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വാരാണസി’യുടെ ടൈറ്റിൽ ടീസർ റിലീസിന് പിന്നാലെ ബി.ജെ.പി. തെലങ്കാനയുടെ ഔദ്യോഗിക പേജിൽ വന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ടീസറിലെ മഹേഷ് ബാബു പ്രത്യക്ഷപ്പെടുന്ന രംഗത്തിലെ കളർ ഗ്രേഡിങ്ങിനെയും ആപ്പിളിന്റെ പുതിയ ഐഫോൺ 17-ന്റെ നിറത്തെയും ബന്ധപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ്. "ആപ്പിളിന്റെ പുതിയ ഫോൺ മുതൽ രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം വരെ ഭാവി കാവിയുടേതാണെന്ന് തെളിയിക്കുന്നു" എന്നായിരുന്നു ബി.ജെ.പി. പേജിന്റെ അവകാശവാദം. സിനിമയുമായി ബന്ധപ്പെട്ട ഒരു സാധാരണ കളർ സ്കീമിനെ രാഷ്ട്രീയവൽക്കരിച്ച ഈ നീക്കം ഉടൻതന്നെ വൈറലായി മാറുകയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്തു.
ബി.ജെ.പി.യുടെ ഈ പോസ്റ്റിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. വിദേശരാജ്യങ്ങളിലെ തടവുകാരുടെ യൂണിഫോം പോലും കാവി നിറത്തിലാണെന്ന വസ്തുത ഓർമ്മിപ്പിച്ചുകൊണ്ട് പലരും പരിഹസിച്ചു. കളറുകളുടെ 'ഉടമസ്ഥാവകാശം' ഏറ്റെടുക്കുന്ന ഈ രീതി തുടർന്നാൽ മിറാന്റ, ഫാന്റ തുടങ്ങിയ പാനീയങ്ങളുടെയും ഉടമസ്ഥാവകാശം ഏറ്റെടുക്കുമോ എന്ന ചോദ്യവും വിമർശകർ ഉന്നയിച്ചു. കൂടാതെ, കാവി നിറത്തെച്ചൊല്ലി മുൻപ് വിവാദമായ 'പത്താൻ' ചിത്രത്തിലെ ദീപിക പദുക്കോണും ഷാറൂഖ് ഖാനും അഭിനയിച്ച നൃത്തരംഗത്തിന്റെ സ്ക്രീൻ ഷോട്ടുകളും പലരും പോസ്റ്റുകൾക്ക് മറുപടിയായി പങ്കുവെച്ചു. ചുവപ്പും പച്ചയും കത്താതെ ഇനി ട്രാഫിക് സിഗ്നൽ ലൈറ്റിൽ ഓറഞ്ച് ലൈറ്റ് മാത്രം കത്തിക്കിടക്കട്ടെയെന്ന കമൻ്റുകളും ട്രോളുകളായി വ്യാപിച്ചു.
എങ്കിലും, ബി.ജെ.പി.യുടെ സോഷ്യൽ മീഡിയ ടീമിന് അനുകൂലമായ പ്രതികരണങ്ങളും ഇതിനിടയിൽ ഉണ്ടായി. ട്രെൻഡിനൊപ്പം സഞ്ചരിച്ച ഒരു പോസ്റ്റാണിതെന്നും ബി.ജെ.പി.യുടെ സോഷ്യൽ മീഡിയ ടീം 'ആക്ടീവാണെ'ന്നും പറഞ്ഞ് നിരവധി പോസിറ്റീവ് കമന്റുകൾ പോസ്റ്റിന് താഴെ വന്നു. സിനിമയുടെ ഒരു വിഷ്വലിനെ രാഷ്ട്രീയപരമായ ഒരു ആശയവുമായി സമർഥമായി ബന്ധിപ്പിച്ച് ശ്രദ്ധ നേടാൻ ബി.ജെ.പി.ക്ക് കഴിഞ്ഞു എന്നും ചിലർ അഭിപ്രായപ്പെട്ടു.