ശശി തരൂരിന്‍റെ മോദി സ്തുതിക്കെതിരെ കോണ്‍ഗ്രസിനകത്തും പുറത്തും വ്യാപക പ്രതിഷേധം. ഇത്രയധികം മോദി സ്തുതി നടത്തിയിട്ട് എന്തിനാണ് ശശി തരൂര്‍ കോണ്‍ഗ്രസില്‍ തുടരുന്നതെന്നും കാപട്യമാണിതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളടക്കം തുറന്നടിക്കുന്നത്. തരൂര്‍ ഹിപ്പോക്രാറ്റാണെന്നും എംപി ആയത് കൊണ്ടുമാത്രമാണോ കോണ്‍ഗ്രസില്‍ തുടരുന്നതെന്നുമായിരുന്നു മുതിര്‍ന്ന നേതാവായ സന്ദീപ് ദിക്ഷീതിന്‍റെ ചോദ്യം. കോൺഗ്രസിന്‍റെ നയങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കിൽ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടതെന്നും സന്ദീപ് പറഞ്ഞു.
'തരൂരിന്റെ പരാമർശങ്ങൾ പാർട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് താൻ കരുതുന്നില്ലെ'ന്നും സന്ദീപ് എഎന്‍ഐയോട് പ്രതികരിച്ചു. ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദിക്ഷീതിന്‍റെ മകനാണ് സന്ദീപ്. 'ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങൾ സ്വന്തം പാർട്ടിയുടെ നയങ്ങളേക്കാൾ നല്ലതാണെന്ന് തോന്നുന്നെങ്കിൽ നിങ്ങൾ അക്കാര്യം വിശദീകരിക്കണം, അല്ലെങ്കിൽ നിങ്ങൾ ഒരു ഹിപ്പോക്രാറ്റാണെന്നും' സന്ദീപ് വിശദീകരിക്കുന്നു.
കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും നേരത്തെ ശശി തരൂരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രശംസിക്കത്തക്കതായി ഒന്നും താൻ കണ്ടില്ലെന്നും ശശി തരൂർ എങ്ങനെയാണ് അത് കണ്ടെത്തിയെന്ന് അറിയില്ലെന്നുമായിരുന്നു സുപ്രിയയുടെ വാക്കുകൾ.
രാംനാഥ് ഗോയങ്ക അനുസ്‌മരണ പ്രഭാഷണത്തിൽ മോദിക്കൊപ്പം പങ്കെടുത്ത ശേഷം തരൂർ പങ്കുവെച്ച എക്സ് പോസ്റ്റാണ് വിവാദമായത്. മോദിയുടെ പ്രസംഗത്തെ ഉദാത്തം എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വൈകാരികമായ മൂഡിലായിരുന്നു അദ്ദേഹം എന്നും തരൂർ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു പ്രധാന ഭാഗം സാമ്രാജ്യത്വ മാനസികാവസ്ഥയെ അതിജീവിക്കുക എന്നതിനെ കുറിച്ചായിരുന്നു.
ഇന്ത്യയുടെ പൈതൃകം, ഭാഷകള്‍, വിജ്ഞാന സംവിധാനങ്ങള്‍ എന്നിവയിലുള്ള അന്തസ് വീണ്ടെടുക്കാന്‍ പത്തുവര്‍ഷക്കാലയളവുള്ള ഒരു ദേശീയ ദൗത്യത്തിനായി പ്രധാനമന്ത്രി അഭ്യര്‍ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക വീക്ഷണത്തിനായും വികസനത്തിനുവേണ്ടി വ്യഗ്രതയോടെയിരിക്കാന്‍ രാജ്യത്തോടുള്ള ഒരു സാംസ്‌കാരിക ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 'കടുത്ത ജലദോഷവും ചുമയുമുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ ആ സദസില്‍ ഉണ്ടാവാന്‍ കഴിഞ്ഞതില്‍ സന്തോഷ'മുണ്ടെന്നും തരൂര്‍ കുറിച്ചിരുന്നു.