ബിഹാറിലെ എന്‍ഡിഎ നിയമസഭ കക്ഷി യോഗം നാളെ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. ഇതോടെ ചരിത്രം കുറിച്ച് നിതീഷ് കുമാര്‍ പത്താം തവണയും മുഖ്യമന്ത്രി പദത്തിലേക്കെത്തും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് വന്‍ ആഘോഷമാക്കാനാണ് എന്‍ഡിഎ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം തുടരുകയാണ്. എങ്കിലും ഫലമുണ്ടായേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്രാട്ട് ചൗധരി അടക്കം രണ്ട് ഉപമുഖ്യന്ത്രിമാരും ബിജെപിയില്‍ നിന്നാകും എന്നാണ് കരുതുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി വിജയ് സിൻഹയ്ക്ക് പകരം മംഗൽ പാണ്ഡെ, രജനീഷ് കുമാർ, നിതിൻ നവീൻ തുടങ്ങിയ പേരുകൾ ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി അടക്കം 36 അംഗ മന്ത്രിസഭക്കാണ് സാധ്യത. ജെഡിയുവിന് 14, ബിജെപിക്ക് 16, എല്‍ജെപിക്ക് 3, ജിതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മിന് 1, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍‌എസ്പി ക്ക് 1 എന്നിങ്ങനെ മന്ത്രിസ്ഥാനം ലഭിച്ചേക്കും.

അതേസമയം, തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ ആര്‍ജെഡി നേതാക്കളുടെ യോഗം നാളെ ചേരും. തോല്‍വിയുടെ കാരണം പരിശോധിക്കാനും വോട്ട് കൊള്ളയില്‍ തുടര്‍ നടപടി സ്വീകരിക്കാനുമാണ് പട്നയില്‍ നാളെ ചേരുന്ന യോഗം. ഇതിനിടെ ആര്‍ജെഡിയെയും കുടുംബത്തെയും ഉപേക്ഷിച്ച രോഹിണി ആചാര്യ, സഹോദരന്‍ തേജസ്വി യാദവിനെതിരെ ആരോപണം കടുപ്പിച്ചു. പിതാവിന് വ്യക്കനല്‍കിയപ്പോള്‍ വൃത്തികെട്ട വൃക്ക നൽകി എന്ന് അധിക്ഷേപിച്ചു. വൃക്ക നൽകി താൻ പണവും സീറ്റും വാങ്ങി എന്ന് പ്രചരിപ്പിക്കുന്നു എന്നും രോഹിണി കുറ്റപ്പെടുത്തി. രോഹിണിയെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.