രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കാടിളക്കിയുള്ള പ്രചാരണം, ഏകദേശം 1,300 കിലോമീറ്റർ സഞ്ചരിച്ച് രാഹുലിന്‍റെ ജൻ അധികാർ യാത്ര, പക്ഷെ രാഹുലിനെ കാണാന്‍ കൂടിയ കൂട്ടം വോട്ടായി മാറിയില്ല. ഫലം വന്നപ്പോൾ സമ്പൂർണ നിരാശ. സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ബിഹാറിൽ കോൺഗ്രസിന്റേത്. കഴിഞ്ഞ തവണ വിലപേശി വാങ്ങിയ 70 സീറ്റിൽ 19 എണ്ണത്തിൽ മാത്രമായിരുന്നു ജയം. ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ ഉൾപ്പെടെ തോറ്റു. 

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2023 ലെ തെലങ്കാന തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി നടത്തിയ യാത്രകൾ കോൺഗ്രസിനു ഗുണം ചെയ്തിരുന്നു. 2022നും 2024നും ഇടയിൽ രാഹുൽ നടത്തിയ രണ്ട് ഭാരത് ജോഡോ യാത്രകൾ കടന്നുപോയ 41 പാർലമെന്റ് മണ്ഡലങ്ങളിൽ കോൺഗ്രസാണ് വിജയിച്ചത്. തെലങ്കാനയിൽ, വിജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ബിഹാറിലെ യാത്രയിൽ ആ മാജിക്ക് ഏറ്റില്ല. 

ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും എതിരായ ‘വോട്ട് ചോരി’ ആരോപണം വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നാണ് പാർട്ടിക്കുള്ളിലെ ആക്ഷേപം. ബിഹാറിലെ പരാജയത്തെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗിക വിലയിരുത്തൽ നടത്തിയിട്ടില്ലെങ്കിലും, ഘടകകക്ഷികൾക്കിടയിലെ ഐക്യമില്ലായ്മ തിരിച്ചടി ആയെന്നാണ് നിഗമനം. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ 203 സീറ്റുകളിലാണ് എൻഡിഎ സഖ്യം വിജയത്തിലേക്ക് നീങ്ങിയത്. എക്സിറ്റ് പോളുകൾ പ്രവചിച്ച സീറ്റുകളെ പോലും മറികടന്നാണ് എൻഡിഎയുടെ തേരോട്ടം. 

ENGLISH SUMMARY:

Bihar Election Result: Rahul Gandhi's campaign in Bihar failed to translate into votes for the Congress party. The party faced a major setback in the recent elections, winning only one seat out of 60 contested.