ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് പി. സരിന്‍. ജനത്തെ അറിയാത്ത കോണ്‍ഗ്രസ് ഭൂതകാലകുളിരിന്‍റെ പേരില്‍ നയിക്കാന്‍ മുന്നില്‍ നില്‍ക്കരുത്. സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കുന്നത് ഒഴിവാക്കണമെന്നും സരിന്‍ ആവശ്യപ്പെട്ടു.
ഇന്ത്യ തോറ്റുപോയതല്ല, ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും തോല്‍പ്പിക്കുകയാണെന്നാണ് സരിന്‍ പറയുന്നത്. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ പേരിന് പോരിനിറങ്ങാം എന്നതൊഴിച്ചാൽ ഇന്ത്യയിലൊരിടത്തും നിയമസഭ കാണാൻ യോഗ്യതയില്ലാത്ത കോൺഗ്രസ് ഇനിയും സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കാൻ നിൽക്കരുത്. പകരം പ്രാദേശിക മതേതര ശക്തികള്‍ക്ക് വഴിമാറികൊടുക്കുകയാണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ള മാന്യമായ രാഷ്ട്രീയമെന്നും സരിന്‍ പറയുന്നു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറിടത്താണ് നിലവില്‍ ലീഡ് ചെയ്യുന്നത്. 36 സീറ്റിലാണ് ജെഡിയുവിന്‍റെ ലീഡ്. 87 സീറ്റുകളില്‍ ലീഡോടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള മത്സരത്തില്‍ മുന്നിലാണ്. രണ്ടാമത് സഖ്യകക്ഷിയായ ജെഡിയുവാണ്, 76 സീറ്റില്‍ ലീഡുണ്ട്.
ചെറുപാര്‍ട്ടിയായ എല്‍ജെപിക്ക് 19 സീറ്റില്‍ ലീഡുണ്ട്. ഇന്ത്യസഖ്യത്തിലെ കക്ഷിയായ സിപിഐഎംഎല്ലിനും കോണ്‍ഗ്രസിനൊപ്പം ആറു സീറ്റുകളിലാണ് ലീഡ്.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം,
ഇൻഡ്യ തോറ്റുപോയതല്ല, ജയിക്കാനറിയാത്തവർ വീണ്ടും വീണ്ടും ഇന്ത്യയെ തോൽപ്പിക്കുകയാണ്. ജനത്തെ അറിയാത്തവർ ഏതോ ഭൂതകാലക്കുളിരിന്‍റെ പേരിൽ നയിക്കാൻ ഇനിയും മുന്നിൽ നിൽക്കരുത്. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ പേരിന് പോരിനിറങ്ങാം എന്നതൊഴിച്ചാൽ ഇന്ത്യയിലൊരിടത്തും നിയമസഭ കാണാൻ യോഗ്യതയില്ലാത്ത കോൺഗ്രസ്, ഇനിയും സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കാൻ നിൽക്കരുത്.
ബിജെപിയുടെ തീവ്രവാദ വർഗ്ഗീയ അജണ്ടകളെ തോൽപ്പിക്കാൻ അതാത് പ്രദേശത്തെ പ്രാദേശിക മതേതര ശക്തികൾക്ക് വഴിമാറിക്കൊടുക്കുക എന്നത് മാത്രമാണ് ഇനി രാഹുൽ ഗാന്ധിക്ക് മുന്നിൽ ബാക്കിയാകുന്ന മാന്യമായ രാഷ്ട്രീയം.