ബിഹാറില്‍ വീണ്ടും എന്‍ഡിഎ തേരോട്ടം ആവര്‍ത്തിക്കുമ്പോള്‍ രാജ്യമാകെ ശ്രദ്ധിക്കുന്ന പേര് 25 കാരി മൈഥിലി താക്കൂറിന്‍റേതാണ്. 25ാം വയസില്‍ അലിനഗറില്‍ വിജയത്തോടടുക്കുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആവാനൊരുങ്ങുകയാണ് അവര്‍. ആര്‍ജെഡി സ്ഥാനാര്‍ഥി ബിനോദ് മിശ്രയെ 11000ല്‍ അധികം വോട്ടിനാണ് തോല്‍പ്പിച്ചത്.
2008ല്‍ രൂപീകൃതമായ അലിനഗർ മണ്ഡലത്തിൽ നിന്നും വിജയിക്കുന്ന ആദ്യ ബിജെപി സ്ഥാനാർഥി, പിടിച്ചെടുത്തത് മഹാഗഡ്ബന്ദന്‍റെ കോട്ട, ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ, രാഷ്ട്രീയ അരങ്ങേറ്റത്തില്‍ തന്നെ മൈഥിലിയുടെ നേട്ടങ്ങള്‍ നിരവധിയാണ്. 24 ല്‍ 14 റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ മൈഥിലി വിജയമുറപ്പിച്ചിരുന്നു. 2005ല്‍ സ്വതന്ത്ര എംഎല്‍എയായിരുന്ന 26കാരനായിരുന്ന തൗസീം ആലമും 2015ല്‍ രാഘോപൂരില്‍ നിന്നും മത്സരിക്കുന്ന സമയത്ത് 26കാരനായ തേജസ്വി യാദവുമായിരുന്നു ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എ. ഈ റെക്കോര്‍ഡുകളാണ് മൈഥിലി തിരുത്തി കുറിച്ചത്.
ജനപ്രിയയാക്കിയ നാടോടിഗാനങ്ങളും ഭക്തിഗാനങ്ങളും
മൈഥിലി ശ്രദ്ധയാകര്‍ഷിക്കുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. നാടോടി ഗാനങ്ങളും ഭക്തിഗാനങ്ങളുമായിരുന്നു പാടിയിരുന്നത്. സംഗീത കുടുംബത്തില്‍ ജനിച്ച മൈഥിലിയുടെ അച്ഛന്‍ ക്ലാസിക്കല്‍ സംഗീതജ്ഞനായിരുന്നു. രണ്ട് സഹോദരന്മാര്‍ക്കൊപ്പമായിരുന്നു വേദിയിലെ പ്രകടനങ്ങള്‍. 2017ലെ റൈസിങ് സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയില്‍ മൈഥിലി രണ്ടാം സ്ഥാനത്തെത്തി. പിന്നീട് യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്ത ഭക്തിഗാനങ്ങളുടെ കവർ പതിപ്പുകളും വലിയ ആരാധകരെ നേടികൊടുത്തു. സംഗീത പരിപാടികളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും കോടികളുടെ വരുമാനം നേടിക്കൊണ്ട് കുടുംബത്തെ അവര്‍ സാമ്പത്തികമായി കരകയറ്റി.
ബിജെപിയിലേക്കുള്ള വഴി
ജെന്‍ സിയെ വച്ചുള്ള ബിജെപിയുടെ പരീക്ഷണത്തിന്‍റെ ജയം കൂടിയാണ് അലിനഗറിലെ തിരഞ്ഞെടുപ്പ് ഫലം. സോഷ്യല്‍ മീഡിയയിലെ താരങ്ങളെ ഒപ്പം കൂട്ടുന്ന തന്ത്രം ബിജെപി മുന്നേ തന്നെ തുടങ്ങിയതാണ്. 2024 മാർച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ 'നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡ്സി'ല്‍ മൈഥിലിക്ക് 'കള്‍ച്ചറല്‍ അംബാസഡർ ഓഫ് ദ ഇയർ' പുരസ്കാരം ലഭിച്ചു. അവാര്‍ഡ് സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന പ്രകാരം വേദിയില്‍ അവര്‍ ഒരു ശിവ ഭജനും പാടി.
2025ല്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഒക്ടോബർ 14-നാണ് മൈഥിലി താക്കൂർ ബിജെപിയിലേക്ക് ചേര്‍ന്നത്. പിന്നാലെ അലിനഗറിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായി. ജയിച്ചാല്‍ അലിനഗറിന്‍റെ പേര് സീതാനഗറെന്നാക്കുമെന്ന മൈഥിലിയുടെ പ്രഖ്യാപനം വലിയ വിവാദം സൃഷ്ടിച്ചു. ഇന്ന് വിജയം ഉറപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും തന്‍റെ വാഗ്ദാനം നടപ്പിലാക്കുമെന്നാണ് മൈഥിലി ആവര്‍ത്തിച്ചത്, 'ഇത് എന്‍റെ മാത്രം വിജയമല്ല, ജനങ്ങളുടെ വിജയമാണ്. അലിനഗർ തീർച്ചയായും സീതാനഗർ ആകും'.