ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അദ്ഭുതപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രക്രിയ തുടക്കം മുതൽ നീതിപൂർവമായിരുന്നില്ലെന്നും, കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെ ആഴത്തിൽ പരിശോധിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മഹാസഖ്യത്തിൽ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടർമാർക്ക് രാഹുൽ ഗാന്ധി ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള പോരാട്ടം കേവലം രാഷ്ട്രീയ വിജയത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് ഭരണഘടനയെയും രാജ്യത്തെ ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.