ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനാതാദള്‍ യുണൈറ്റഡും ബിജെപിയും നയിക്കുന്ന എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷമാണ് മിക്ക എക്സിറ്റ് പോളുകളും നല്‍കുന്നത്. 243 അംഗ സഭയില്‍ 150-170 സീറ്റു വരെ എന്‍ഡിഎ സഖ്യത്തിന് ലഭിക്കാമെന്നാണ് പ്രവചനം. എന്നാല്‍ പ്രവചനങ്ങള്‍ക്കപ്പുറം ചരിത്രം എന്‍ഡിഎയെ പേടിപ്പെടുത്തുന്നതാണ്. 

66.91 ആണ് ബിഹാറിലെ പോളിങ് ശതമാനം, ചരിത്രത്തിലെ വലിയ പോളിങ്. ആദ്യ ഘട്ടത്തില്‍ 65.08 ശതമാനമായിരുന്നത് രണ്ടാം ഘട്ടത്തില്‍ 68.76 ശതമാനമായി ഉയര്‍ന്നു. 2020 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 9.62 ശതമാനമാണ് ബിഹാറിലെ പോളിങ്. ബിഹാര്‍ തിരഞ്ഞെടുപ്പ് ഡാറ്റ പരിശോധിച്ചാല്‍, വോട്ടിങ് ശതമാനം അഞ്ചു ശതമാനത്തിലേറെ വര്‍ധിച്ച മൂന്നു തിരഞ്ഞെടുപ്പുകളില്‍ ഭരണമാറ്റം ഉണ്ടായിട്ടുണ്ട്. 

1967 ലെ തിരഞ്ഞെടുപ്പ് മുതല്‍ ഈ മാറ്റം കാണാം. 1962 ല്‍ 44.5 ശതമാനമായിരുന്നു പോളിങ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 51.50 ശതമാനമായി, ഏഴു ശതമാനം പോളിങ് വര്‍ധിച്ചത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറിന് തിരിച്ചടിയായി. ആ വര്‍ഷം ബിഹാറില്‍ കോണ്‍ഗ്രസ് ഇതര സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു. 

1980 ലെ തിരഞ്ഞെടുപ്പില്‍ പോളിങ് വര്‍ധിച്ചത് 6.8 ശതമാനം. 1977 ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 50.5 ശതമാനത്തില്‍ നിന്നും 57.3 ശതമാനത്തിലേക്ക്. ജനതാ ദള്‍ സര്‍ക്കാറിനെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലെത്തി. 1990 ലും സമാന സാഹചര്യം. 62 ശതമാനമായിരുന്നു പോളിങ്. 1985 ല്‍ ഇത് 56.3 ശതമാനവും. ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പുറത്താക്കി ജനതാദള്‍ ബിഹാറിന്‍റെ ഭരണം പിടിച്ചു. 

സംസ്ഥാനത്തൊട്ടാകെ രേഖപ്പെടുത്തിയ കനത്ത പോളിങിനൊപ്പം വിവിധ മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ട് അളവിലും വര്‍ധനവുണ്ട്. കത്തിഹാറിലെ പ്രാന്‍പൂരില്‍ 81.02 ശതമാനമായിരുന്നു പോളിങ്. കിഷന്‍ഗഞ്ചിലെ താക്കൂർഗഞ്ച് മണ്ഡലത്തില്‍ 80.51 ശതമാനം പേര്‍ വോട്ട് ചെയ്തു. ഏറ്റവും കുറവ് പോളിങ് കുമ്രാർ മണ്ഡലത്തിലാണ്, 39.57 ശതമാനം.

രണ്ടു ഘട്ടങ്ങളിലായി നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വോട്ട് ചെയ്തത് സ്ത്രീകളാണ്. 62.8 ശതമാനമാണ് പുരുഷന്മാരുടെ വോട്ട്. 71.6 ശതമാനം സ്ത്രീകളും വോട്ട് ചെയ്തു. 

ENGLISH SUMMARY:

Exit Polls favor NDA, but the record 66.91% voter turnout historically indicates a regime change in Bihar. Analysis shows a voting increase of over 5% has led to government downfall three times since 1967. Female turnout was higher (71.6%).