rahul-gandhi

മധ്യപ്രദേശിൽ പാർട്ടി പരിപാടിക്ക് വൈകിയെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ച് പാർട്ടി ഘടകം. 10 പുഷ് അപ്പാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന് ലഭിച്ചത്. അദ്ദേഹത്തിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ്അപ്പ് ചലഞ്ചിന്റെ ഭാ​ഗമായി. മധ്യപ്രദേശിലെ സംഘടനാ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാ​ഗമായി നടത്തിയ പരിശീലന പരിപാടിയായ സംഘടൻ സൃഷ്ടി അഭിയാൻ എന്ന പരിപാടിക്കിടെയാണ് സംഭവം. 

ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നിന്നാണ് രാഹുൽ ഗാന്ധി പാർട്ടി പരിപാടിക്കെത്തിയത്. സെഷനിലെത്തുന്നതിനിടെ രാഹുൽ ഗാന്ധി വൈകി. വൈകി വരുന്നവർക്ക് ശിക്ഷാ നടപടിയുണ്ടെന്ന് പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിൻ റാവു രാഹുൽ ​ഗാന്ധിയോട് പറഞ്ഞു. ഇതോടെ എന്താണ് ചെയ്യേണ്ടെന്ന് ചോദിച്ച രാഹുൽ, സച്ചിൻ റാവുവിന്റെ നിർദ്ദേശ പ്രകാരം 10 പുഷ്-അപ്പ് എടുക്കുകയായിരുന്നു. രാഹുൽ ​ഗാന്ധിയുടെ സ്ഥിരം വേഷമായ വെള്ള ടീഷർട്ടും പാന്‍റ്സുമായിരുന്നു ധരിച്ചിരുന്നത്. രാഹുലിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ്-അപ്പ് എടുത്തു. 

പരിശീലന ചടങ്ങിൽ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ലക്ഷ്യം വച്ച് വോട്ട് ചോരി ആരോപണങ്ങൾ രാഹുൽ ​ഗാന്ധി ആവർത്തിച്ചു. മധ്യപ്രദേശ് തിരഞ്ഞെടുപ്പിലും സമാനമായ ക്രമക്കേടുകൾ നടന്നു എന്നും രാഹുൽ ​ഗാന്ധി അവകാശപ്പെട്ടു. ''കുറച്ചു ദിവസം മുൻപ് ഹരിയാനയിലെ വോട്ടു കൊള്ള അവതരിപ്പിച്ചിരുന്നു. അവിടെ 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടു. ഓരോ എട്ട് വോട്ടിലും ഒരെണ്ണം എന്ന നിലയിൽ. ഇതാണ് അവരുടെ രീതി. വോട്ട് മോഷണമാണ് പ്രധാന പ്രശ്നം. ഞങ്ങളുടെ പക്കൽ തെളിവുണ്ട്. അത് ഓരോന്നായി പുറത്തുവിടും'' എന്നാണ് രാഹുൽ വേദിയിൽ സംസാരിച്ചത്. 

ENGLISH SUMMARY:

Rahul Gandhi faced a unique consequence for arriving late to a Congress party event in Madhya Pradesh. He was tasked with performing 10 push-ups as a lighthearted form of discipline, along with other attendees.