ബിഹാറില്‍ മുന്നണികളിലെ ഭിന്നത പരസ്പരം ഉയര്‍ത്തിക്കാട്ടി നേതാക്കള്‍. ആര്‍.ജെ.ഡിയെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ നിതീഷ് പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി മല്ലികാര്‍ജുന്‍ ഖര്‍ഗെ തിരിച്ചടിച്ചു.

വികസനം, തൊഴിലില്ലായ്മ, ജംഗിള്‍രാജ് എന്നിങ്ങനെ പ്രചാരണ വിഷയങ്ങള്‍ പലതാണെങ്കിലും മുന്നണികളിലെ ഭിന്നത പരസ്പരം ചര്‍ച്ചയാക്കുകയാണ് നേതാക്കള്‍. ആര്‍.ജെ.ഡി ഇത്തവണകൂടി പരാജയപ്പെട്ടാല്‍ അവരുടെ വോട്ട് ബാങ്ക് സ്വന്തമാക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോള്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും തമ്മില്‍ ചെളിവാരിയെറിയുമെന്നും കതിഹാറിലെ റാലിയില്‍ മോദി പറഞ്ഞു. 

നിതീഷ് കുമാറിന്‍റെ റിമോട്ട് കണ്‍ട്രോള്‍ മോദിയുടെ കൈകളില്‍ ആണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. വോട്ട് ബാങ്ക് മാത്രം മുന്നില്‍ക്കണ്ടാണ് ബി.ജെ.പി. നിതീഷ് കുമാറിനെ ചേര്‍ത്തുനിര്‍ത്തുന്നത്. ജയിച്ചാല്‍ മോദി നിതീഷിനെ മുഖ്യമന്ത്രിയാക്കിലെന്നും ബി.ജെ.പി. നേതാക്കളെ ആരെയെങ്കിലും ആ പദവിയില്‍ ഇരുത്തുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറയുന്നു. വോട്ട് ബാങ്കുകളില്‍ ഭിന്നത സൃഷ്ടിക്കാനാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നേതാക്കളുടെ ശ്രമം