TOPICS COVERED

ബീഹാറിലെ ആദ്യഘട്ട പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോഴും വാഗ്ദാന പ്രഖ്യാപനങ്ങളും വാക്ക് പോരും. കർഷകർക്കായുള്ള വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച തേജസ്വി യാദവ് ബീഹാർ മാറ്റം ഉറപ്പിച്ചെന്ന് ആവർത്തിച്ചു. എൻഡിഎ ക്കായി  അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാർ സംസ്ഥാനത്തുണ്ട്. മേരാ ബൂത്ത് സബ്സെ മസ്ബൂത്' കാമ്പെയ്ൻ്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്തെ സ്ത്രീകളുമായി സംവദിക്കും.

തീവ്ര വോട്ടർപട്ടിക പരിഷ്കരണവും രാഷ്ട്രീയ പാർട്ടികളുടെ നാടകീയ നീക്കങ്ങളും മൂലം രാജ്യമുറ്റുനോക്കിയ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനിനി  ഒരു ദിവസം മാത്രം. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും ഇന്ത്യ സഖ്യ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാൽ നെല്ല് ക്വിന്‍റലിന്‍റെ താങ്ങുവിലയെക്കാൾ 300 രൂപയും ഗോതമ്പിന് 400 രൂപയും കൂടുതൽ നൽകും. കർഷകരെ ചേർത്തുനിർത്തുന്ന സർക്കാർ ആകുമെന്നും  തേജസ്വിയുടെ ഉറപ്പ്. 

സ്ത്രീകൾക്കായുള്ള വാഗ്ദാനങ്ങൾ. തൊഴിലില്ലായ്മ വിലക്കയറ്റം വിദ്യാഭ്യാസം  അടക്കം ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തി രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും  പ്രചാരണം തുടരുകയാണ്. കലാശക്കൊട്ടിനായി എന്‍.ഡി.എ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് അടക്കമുള്ള കേന്ദ്രമന്ത്രിമാരെ ഇറക്കി. 

വികസനവും തൊഴിലും ഉയർത്തി പ്രചാരണം തുടരുന്ന എന്‍.ഡി.എ ലാലുപ്രസാദ് സർക്കാറിന്റെ കാലത്തെ അഴിമതിയും രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളുമാണ് ഇന്ത്യാസഖ്യത്തിനെതിരെ ആയുധമാക്കുന്നത്. പട്ന അടക്കം 121 മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മേഖലകളിൽ 61 സീറ്റുകൾ ഇന്ത്യാസഖ്യം നേടിയിരുന്നു.

ENGLISH SUMMARY:

Bihar election news focuses on the promises and political maneuvers as the first phase of campaigning nears its end. Tejashwi Yadav emphasizes farmers' welfare, while the NDA deploys central ministers for support.