ബിഹാറിൽ പിന്നാക്ക വിഭാഗക്കാർക്കായി നിലകൊണ്ട നേതാവാണ് കർപ്പൂരി ഠാക്കൂർ. പ്രധാനമന്ത്രി ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതും കർപ്പൂരി ഗ്രാമത്തിൽ നിന്നാണ്. പക്ഷേ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കാണാത്ത, കേൾക്കാത്ത കുറച്ച് മനുഷ്യരുണ്ട് ഈ ഗ്രാമത്തിൽ. അവർക്ക് കുറേ സങ്കടങ്ങളും.
റോഡില്‍നിന്ന് അല്‍പദൂരം സഞ്ചരിച്ചാല്‍ കര്‍പ്പൂരി ഠാക്കൂറിന്‍റെ വീടായി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി തയാറാക്കിയ പന്തലുകള്‍ അഴിച്ചുമാറ്റുന്നതെ ഉള്ളു. നല്ല വൃത്തിയുള്ള ഗ്രാമം. എവിടെയും മാലിന്യമില്ല. എല്ലാ വാർഡിലും ദിവസവും ശുചീകരണ തൊഴിലാളികൾ എത്തും.
ഇവരുടെ സങ്കടങ്ങളാണ് ഇനി പറയാൻ പോകുന്നത്. ശമ്പളം കിട്ടിയിട്ട് ഒരു വർഷത്തിനടുത്തായി. ശമ്പളം എന്നു പറഞ്ഞാൽ അതിനു മാത്രം ഒന്നുമില്ല. മാസം മൂവായിരം രൂപ. അതാണ് കുടിശിക വരുത്തിയിരിക്കുന്നത്. ദീപാവലി വന്നു, ഛഠ് പൂജ വന്നു. എല്ലാവരും ആഘോഷിക്കുമ്പോൾ ഇവർക്കു മാത്രം പട്ടിണി. വാർഡ് മെമ്പർ മുതൽ മുകളിലേക്ക് പറയാവുന്നവരോടെല്ലാം പരാതിപ്പെട്ടു. ഉടൻ തരും എന്ന മറുപടി മാത്രമാണ് ബാക്കി.