തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കാന്‍ ഡിഎംകെയും. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് പാര്‍ട്ടിയുടെ പ്രചാരണം. 20 താര പ്രചാരകരും രംഗത്തുണ്ട്. തമിഴ്നാട് തലൈ കുനിയാത് എന്ന പേരിലാണ് പ്രചാരണം. ഈ ടൈറ്റില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ക്ക് എതിരെ കൂടി ഉള്ളതാകും പ്രചാരണം എന്ന സൂചന നല്‍കുന്നുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ നടക്കുന്ന പ്രചാരണം 234 മണ്ഡലങ്ങളിലും എത്തും.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. ഓരോ മണ്ഡലത്തിലും പൊതുയോഗങ്ങള്‍ ചേരും. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പുറമെ അവരുടെ പ്രതീക്ഷകളും ആവശ്യങ്ങളും കേള്‍ക്കുകയും ചെയ്യും.
അതിനിടെ ഇതുവരെയുള്ള ലൈന്‍ മാറ്റിപ്പിടിക്കാന്‍ ലക്ഷ്യമിടുകയാണ് വിജയ്‌യുടെ ടിവികെ. തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള ശക്തി ടിവികെയ്ക്ക് ഉണ്ടെന്ന് പറഞ്ഞ വിജയ് തനിച്ച് മല്‍സരിച്ചേക്കും എന്ന സൂചനയാണ് നല്‍കുന്നത്. നേരത്തെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യം എന്നതായിരുന്നു ടിവികെയുടെ നിലപാട്. വിജയിച്ചാല്‍ സഖ്യത്തില്‍ ചേരുന്നവര്‍ക്ക് ഭരണത്തില്‍ പങ്കാളിത്തം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ടിവികെയിലേക്ക് ആരും എത്തിയില്ല. അണ്ണാ ഡിഎംകെയേ വിമര്‍ശിക്കുന്നതില്‍ പിശുക്കു കാണിച്ചിരുന്ന വിജയ്‌യെ അല്ല കഴിഞ്ഞ ഞായറാഴ്ച കണ്ടത്. അതുപോലെ വിജയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയ അണ്ണാ ഡിഎംകെയേയും പോയ ദിവസങ്ങളില്‍ കണ്ടു. വരും ദിവസങ്ങളില്‍ തമിഴക രാഷ്ട്രീയം കൂടുതല്‍ ചൂടുപിടിക്കുമെന്ന് ഉറപ്പ്.