അന്ധമായി ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ പിന്തുടരുന്നവരല്ല ബിഹാറിലെ നാട്ടിൻപുറത്തുകാർ. സ്വന്തം ജീവിതപ്രശ്നങ്ങൾ തന്നെയാണ് അവരുടെ രാഷ്ട്രീയം. തിരഞ്ഞെടുപ്പിൽ തീരുമാനമെടുക്കുന്നതിനു മാനദണ്ഡവും ഇതുതന്നെ.
മധുബനി ജില്ലയിലെ ബഹാദുർപുർ ഗ്രാമം. റോഡിന് വശത്ത് കാണുന്ന ഈ കൊച്ചു കൂരകളിലാണ് ഇവരുടെ താമസം. മിക്കതും വൈക്കോലും മുളയും മണ്ണും ഒക്കെ കെട്ടിയുണ്ടാക്കിയത്. അതും അവരുടെ സ്വന്തമല്ല. പുറമ്പോക്കാണ്. ശുചിമുറി അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. സ്വന്തമായി ഒരു വീടാണ് ഇവരുടെ ഏറ്റവും വലിയ സ്വപ്നം.
നിലവിലെ എം.എൽ.എയും JDU നേതാവുമായ മദൻ സാഹ്നി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവർക്കും വീട് വച്ചു നൽകുമെന്ന് ഉറപ്പ് നൽകിയതാണ്. ജയിച്ചപ്പോൾ മറന്നു. അതുകൊണ്ട് ഇത്തവണ വോട്ട് ആർ.ജെ.ഡി സ്ഥാനാർഥിക്കെന്ന് നാട്ടുകാർ. നിതീഷ് സർക്കാർ വനിതകൾക്ക് പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം ഇതുവരെ ലഭിച്ചില്ലന്ന് പലരും പറയുന്നു. പക്ഷേ ക്യാമറയിൽ പറയാൻ പേടിയാണ് ഇവിടത്തെ പാവപ്പെട്ട സ്ത്രീകൾക്ക്.