Patna: RJD leader and Leader of Opposition in Bihar Assembly Tejashwi Yadav addresses a press conference ahead of the state Assembly elections, in Patna, Wednesday, Oct. 22, 2025. (PTI Photo)(PTI10_22_2025_000033B)

ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. സഖ്യം വിജയിച്ചാല്‍ വികാസ്‍ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (V.I.P) നേതാവ് മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രിയാകും. സീറ്റ് വിഭജന തർക്കങ്ങൾ മാറ്റിനിർത്തി ഐക്യസന്ദേശം നൽകി വാര്‍ത്താസമ്മേളനം നടത്തിയാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രഖ്യാപനം. ‘ ഇന്ത്യ’ മുന്നണിയിലെ ഭിന്നത ആയുധമാക്കിയാണ് എന്‍ഡിഎ പ്രചാരണം.  

എഐസിസി നിരീക്ഷകന്‍ അശോക് ഗെലോട്ടാണ് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സീറ്റ് വിഭജനം ഉണ്ടാക്കിയ ക്ഷീണം തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി മറികടക്കുകയാണ് മുന്നണി. കോണ്‍ഗ്രസ് ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം അറിയിച്ചെങ്കിലും നിതീഷ് സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തിനായി ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് എന്‍ഡിഎ വ്യക്തമാക്കണമെന്ന് തേജസ്വി യാദവ് വെല്ലുവിളിച്ചു.

വരും ദിവസങ്ങളിൽ രാഹുൽഗാന്ധിയും തേജസ്വിയും ഒന്നിച്ച് പ്രചാരണത്തിന് ഇറങ്ങും. 11 മണ്ഡലങ്ങളില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ പരസ്പരം മത്സരിക്കുന്നുണ്ട്. ഇതിനിടെ വാര്‍ത്ത സമ്മേളന വേദിയില്‍ രാഹുല്‍ ഗാന്ധിയെ ഒഴിവാക്കി തേജസ്വിയുടെ ചിത്രം മാത്രം സ്ഥാപിച്ചത് ശരിയല്ലെന്നും സഖ്യത്തിന് വോട്ട് ഉറപ്പാക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ വേണമെന്നും പപ്പു യാദവ് എംപി വിമര്‍ശിച്ചു. എന്നാല്‍ ഇത് ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് ദേശീയ നേതാക്കളുടെ നിലപാട്.

അതേസമയം സീറ്റ് വിഭജനത്തില്‍ ധാരണയില്‍ എത്താനാകാത്തവരാണ് ഭരണം പിടിക്കാന്‍ പോകുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ജയ്സ്വാൾ വിമര്‍ശിച്ചു. കോൺഗ്രസിനെയും  രാഹുൽ ഗാന്ധിയെയും സഖ്യത്തിന് വേണ്ടെന്നും ബിജെപി പരിഹസിച്ചു.  ആഭ്യന്തമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്‌ഡയും സംസ്ഥാനത്ത് പ്രചാരണ തിരക്കിലാണ്.

ENGLISH SUMMARY:

In Bihar, RJD leader Tejashwi Yadav has been declared as the Chief Ministerial candidate of the INDIA alliance, while VIP leader Mukesh Sahani has been named the Deputy Chief Minister candidate. The alliance made the announcement at a press conference, sending out a message of unity despite earlier seat-sharing disputes. Meanwhile, the NDA has turned the alliance’s internal rifts into a major campaign weapon.