ബീഹാറില്‍ തര്‍ക്ക മണ്ഡലങ്ങളില്‍ സൗഹൃദ മത്സരവുമായി മുന്നോട്ട് പോകാന്‍ ഇന്ത്യ സഖ്യം . എഐസിസി നിരീക്ഷകൻ അശോക് ഗെലോട്ട് തേജസ്വി യാദവുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഭിപ്രായ ഭിന്നതകളില്ലെന്നും നാളെ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തുമെന്നും തേജസ്വി പ്രതികരിച്ചു. അതേസമയം NDA പ്രചാരണം ആരംഭിച്ചു
സീറ്റിനെ ചൊല്ലിയുള്ള അസ്വാരസ്യം ഇന്ത്യ സഖ്യത്തിന് പരിഹരിക്കാനായില്ല. പ്രചാരണത്തിലേക്ക് കടക്കേണ്ടതിനാല്‍ 11 ഇടത്ത് സൗഹൃദമത്സരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കെ സി വേണുഗോപാല്‍ സംസാരിച്ചതിന് പിന്നാലെ എഐസിസി നിരീക്ഷകൻ അശോക് ഗെലോട് പട്നയില്‍ എത്തി ആര്‍ജെഡി തേജസ്വി യാദവിനെയും ലാലു പ്രസാദ് യാദവിനെയും കണ്ടെങ്കിലും പരിഹാരമായില്ല. വിജയ സാധ്യതയുള്ള സീറ്റുകളെല്ലാം ആര്‍ജെഡിയുടെ കൈവശമാണ്.
ഒറ്റക്കെട്ടെന്ന സന്ദേശം നല്‍കാന്‍ നാളെ പട്നയില്‍ ഇന്ത്യ സഖ്യം സംയുക്ത വാര്‍ത്ത സമ്മേനം നടത്തും. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കും. ശേഷം രാഹുല്‍ ഗാന്ധിയും തേജസ്വിയും ഒന്നിച്ചുള്ള പ്രചാരണത്തിലേക്ക് കടക്കും.
ഇന്ന് ഒറ്റക്ക് വാര്‍ത്ത സമ്മേളനം നടത്തിയ തേജസ്വി വനിതകള്‍ക്കുള്ള ജീവിക ദീദി, മാ ബേട്ടി എന്നി പദ്ധതികളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങഴ്‍ നടത്തി. ജീവിക ദീദി പദ്ധതിയിൽ ഉൾപ്പെട്ടവരെ സർക്കാർ ജീവനക്കാരാക്കി 30,000 രൂപ പ്രതിമാസ വേതനം നല്‍കും. പലിശ രഹിത വായ്പയും 5 ലക്ഷത്തിന്റെ ഇൻഷുറൻസും ലഭ്യമാക്കും. സ്ഥാനത്തെ വോട്ടര്‍മാരില്‍ പകുതിയോളം വരുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് എല്ലാ പാര്‍ട്ടികളുടെയും പ്രചാരണം. മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കം NDAയുടെ സ്ഥാനാർത്ഥികളെല്ലാം മണ്ഡലങ്ങളിൽ എത്തി.