ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. 71 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഭൂരിഭാഗം സിറ്റിങ് എം.എൽ.എമാരെയും നിലനിർത്തി. ഒൻപത് വനിതകളും പട്ടികയിലുണ്ട്.
ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയുമാണ് ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിലെ പ്രമുഖർ. ജെ.ഡി.യുവിന്റെ സിറ്റിങ് സീറ്റായ താരാപുരിൽ നിന്നാണ് സാമ്രാട്ട് ചൗധരി ജനവിധി തേടുന്നത്. വിജയ് കുമാർ സിൻഹ സിറ്റിങ് സീറ്റായ ലഖിസരായിയിൽ മത്സരിക്കും. മന്ത്രിമാരായ നിതീഷ് മിശ്ര, മംഗൾ പാണ്ഡേ, രേണു ദേവി എന്നിവരും പട്ടികയിൽ ഇടംപിടിച്ചു.
നിയമസഭാ സ്പീക്കർ നന്ദ കിഷോർ യാദവിനാണ് സീറ്റ് നഷ്ടപ്പെട്ടവരിൽ പ്രമുഖൻ. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മിസ ഭാരതിയോട് പരാജയപ്പെട്ട രാം ക്രിപാൽ യാദവിന് സീറ്റ് നൽകിയതും ശ്രദ്ധേയമായി. എൻ.ഡി.എയിൽ 99 ശതമാനം സീറ്റുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ചു കഴിഞ്ഞെന്ന് സംസ്ഥാന ബി.ജെ.പിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പട്‌നയിൽ പറഞ്ഞു.
ജെ.ഡി.യു ഉൾപ്പെടെയുള്ള ഘടകകക്ഷികളും വൈകാതെ സ്ഥാനാർഥി പ്രഖ്യാപനം നടത്തും. ജെ.ഡി.യു സ്ഥിരമായി മത്സരിക്കുന്ന രാജ്ഗിർ, മോർവ സീറ്റുകൾ ചിരാഗ് പാസ്വാന്റെ എൽ.ജെ.പി ആവശ്യപ്പെട്ടത് നേരിയ തർക്കത്തിന് കാരണമായി. ആദ്യഘട്ട വോട്ടെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്.