ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഘടകകക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവും 101 വീതം സീറ്റുകളില്‍ മല്‍സരിക്കും. ചിരാഗ് പാസ്വാന്‍റെ എല്‍.ജെ.പിക്ക് 29 സീറ്റുകള്‍ നല്‍കാനും ധാരണയായി. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് എന്‍ഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്.
ബിഹാര്‍ എന്‍.ഡി.എ.യില്‍ ജെ.ഡി.യുവോ ബി.ജെ.പിയോ വലുത് എന്ന ചോദ്യം അപ്രസക്തമാക്കുന്നതാണ് സീറ്റ് വിഭജനം. ഇരുപാര്‍ട്ടികളും മല്‍സരിക്കുന്നത് തുല്യ എണ്ണം സീറ്റുകളില്‍. എല്‍.ജെ.പിയെ അനുനയിപ്പിക്കാന്‍ രണ്ടുപാര്‍ട്ടികളും കാര്യമായ വിട്ടുവീഴ്ച നടത്തിയെന്ന് വ്യക്തം. 2020 ല്‍ 115 സീറ്റില്‍ മല്‍സരിച്ച ജെ.ഡി.യു ഇത്തവണ 14 സീറ്റുകളും 110 സീറ്റില്‍ മല്‍സരിച്ച ബി.ജെ.പി. ഒന്‍പതു സീറ്റുകളും വിട്ടുനല്‍കി. 40 സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് ചിരാഗ് പാസ്വാനും പിന്നോട്ടുപോയതോടെ കാര്യങ്ങള്‍ എളുപ്പമായി. 15 സീറ്റ് ആവശ്യപ്പെട്ട ജിതന്‍ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിന് ആറു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഭാവിയില്‍ എം.എല്‍.എസി പദവി ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് സൂചന. തീരുമാനം അംഗീകരിക്കുന്നുവെന്നും പരാതിയില്ലെന്നും ജിതന്‍ റാം മാഞ്ചി പറഞ്ഞു.
ഉപേന്ദ്ര ഖുശ്‌വാഹയുടെ ആര്‍.എല്‍.എമ്മിനും ആറു സീറ്റുകള്‍ ലഭിച്ചു. ബിഹാറിന്‍റെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാനും വിനോദ് താവ്‌ഡെയും നടത്തിയ നീക്കങ്ങളാണ് സീറ്റ് വിഭജനം വേഗത്തിലാക്കാന്‍ സഹായിച്ചത്.