tvk-leaders-remand

കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാക്കളായ മതിയഴകനെയും പൗണ്‍ രാജിനെയും കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 14 വരെയാണ് റിമാന്‍ഡ്. കരൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വിജയ് പങ്കെടുത്ത കരൂരിലെ പരിപാടിക്ക് അനുമതി അപേക്ഷ നൽകിയ ആളാണ് ജില്ലാ സെക്രട്ടറി കൂടിയായ മതിയഴകൻ. ദുരന്തത്തിനു പിന്നാലെ  മതിയഴകന്‍ ഒളിവിൽ പോയിരുന്നു. 

അതേസമയം, വിജയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് ഡി.എം.കെ. കരൂര്‍ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം വിജയ് ഏറ്റെടുക്കണമെന്ന് ഡി.എം.കെ നേതാക്കള്‍ ആവശ്യപ്പെട്ടു. വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും സ്വന്തം സുരക്ഷ മാത്രം നോക്കി താരം ഓടി ഒളിക്കുകയായിരുന്നെന്നും കനിമൊഴി എംപി കുറ്റപ്പെടുത്തി. ടിവികെയുടെ ഗൂഢാലോചനാവാദവും ഡിഎംകെ തള്ളി. ആള്‍ക്കൂട്ടത്തിനിടയില്‍ സെന്തില്‍ ബാലാജി എന്ത് ചെയ്യാനാണെന്നായിരുന്നു ഡിഎംകെ വക്താവ് ഇളങ്കോവന്‍റെ ചോദ്യം. 

വിവാദം കൊഴുക്കുന്നതിനിടെയാണ് യുവജന വിപ്ലവത്തിന് സമയമായെന്ന് ടി.വി.കെ നേതാവ് ആദവ് അര്‍ജുന സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. ശ്രീലങ്കയും നേപ്പാളും ആവര്‍ത്തിക്കണമെന്നായിരുന്നു ആദവ് പോസ്റ്റില്‍ പറഞ്ഞത്. ആദവിന്‍റെ വാക്കുകള്‍ കലാപാഹ്വാനമാണെന്നും കേസ് എടുക്കണം എന്നും ഡിഎംകെ ആവശ്യപ്പെട്ടു. ഉത്തരവാദമില്ലാത്ത നടപടിയാണ് നേതാക്കളുടേതെന്നും  ഇത്തരം പരാമര്‍ശങ്ങള്‍ സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നും കനിമൊഴി പ്രതികരിച്ചു. 

അതിനിടെ തമിഴ്നാട്ടില്‍ പൊതുയോഗങ്ങള്‍ മാര്‍ഗരേഖ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചനയുണ്ട്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം എല്ലാ പാര്‍ട്ടികളുടെയും യോഗം ഇതു സംബന്ധിച്ച് വിളിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു. 

ENGLISH SUMMARY:

Karur incident leads to TVK leaders' remand. The political fallout continues with accusations against Vijay and calls for stricter public meeting guidelines in Tamil Nadu.