2026ലെ നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ദളപതി കളത്തിലിറങ്ങി. തമിഴക വെട്രി കഴകത്തിന്‍റെ ഡിസംബര്‍ വരെ നീളുന്ന കാംപയ്ന്‍. റോഡ് ഷോ ശനിയാഴ്ചകളില്‍ മാത്രം. തന്നെക്കാണാന്‍ ജോലിയും കൂലിയും മുടക്കി ജനം കാത്തുനില്‍ക്കേണ്ട എന്ന ആശയം മുന്‍നിര്‍ത്തിയുള്ള തീരുമാനം. രാഷ്ട്രീയത്തില്‍ ഡിഎംകെയും പ്രത്യയശാസ്ത്രത്തില്‍ ബിജെപിയുമാണ് മുഖ്യശത്രുക്കള്‍. വിശപ്പിനെതിരെയാണ് ടിവികെയുടെ പ്രകടനപത്രിക. പണം കണ്ട് കൊതിതീര്‍ന്ന തനിക്കെതിരെ അഴിമതി എന്ന ഉമ്മാക്കി കാട്ടരുതെന്നും വിജയ് തിരുച്ചിറപ്പള്ളിയില്‍ പൊട്ടിത്തെറിച്ചു.
താരത്തെ കാണാന്‍ ഇരച്ചെത്തുന്ന ജനക്കൂട്ടം വോട്ടാകില്ലെന്ന് കരുതിയവരൊക്കെ ഒന്നുവിറച്ചു. തിരുച്ചിറപ്പള്ളിയിലെ ഈ ആള്‍ക്കടല്‍ കണ്ട്, ഇതെല്ലാം താരാരാധന മാത്രമെന്ന് പറഞ്ഞുതള്ളിയ സ്റ്റാലിനും ഉദയനിധിയും പകരം തലൈവരെ ഇറക്കിക്കളിച്ചു. 18 വയസില്‍ താഴെയുള്ളവര്‍ക്ക് വോട്ടവകാശം കിട്ടിയാല്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകും. കുറച്ചുകാലമായി അയല്‍പ്പക്കത്ത് പ്രചരിക്കുന്ന ഒരു ട്രോള്‍ ആണിത്. എന്നാല്‍ അങ്ങനെ എഴുതിത്തള്ളാന്‍ കഴിയുന്ന ഒന്നാണോ വിജയ് എന്ന വികാരത്തെ? അതും സിനിമയും രാഷ്ട്രീയവും ഒരിക്കലും വേര്‍പിരിയാത്ത തമിഴകത്ത്?
ഇഡ്‍ലിയും സാമ്പാറും പോലെയാണ് തമിഴ്നാട്ടില്‍ രാഷ്ട്രീയവും സിനിമയും. ഒന്നില്ലാതെ മറ്റൊന്നിന് സ്വാദില്ല. കലൈഞ്ജര്‍ കരുണാനിധിയും സാക്ഷാല്‍ എംജിആറും ജയലളിതയും വിജയകാന്തുമെല്ലാം അതിന് തെളിവ്. പക്ഷേ പുതിയ കാലത്ത് അതേ ഊര്‍ജത്തോടെ തിരശീലയിലെ കയ്യടി പോളിങ് ബൂത്ത് വരെ എത്തിക്കാന്‍ കഴിവുള്ളവര്‍ ഉണ്ടോ എന്ന സംശയം അടിക്കടി ഉയരുന്നുണ്ട്. രജനീകാന്ത് പേടിച്ച് പിന്‍മാറിയതും ശിവാജി ഗണേശനും ഖുശ്ബുവും നെപ്പോളിയനും ശരത് കുമാറുമൊന്നും പച്ചപിടിക്കാതെ പോയതുമായ ഇടമാണ്. സാക്ഷാല്‍ കമല്‍ഹാസന്‍ പോലും ഒരു രാജ്യസഭാസീറ്റില്‍ രാഷ്ട്രീയം ഒതുക്കിയ മട്ടാണ്. അവിടെ ഇനിയൊരു താരോദയത്തിന് ഇടമുണ്ടോ എന്ന ചോദ്യത്തിന് വിജയ് ഫാന്‍സ് എന്ന ജനാവലി മുന്നോട്ടുവയ്ക്കുന്ന മറുപടി പക്ഷേ, ഒട്ടും ചെറുതല്ല.
ഡിഎംകെയും ബിജെപിയുമാണ് ടിവികെയുടെ പ്രഖ്യാപിത ശത്രുക്കള്‍. രാഷ്ട്രീയശത്രു ഡിഎംകെയും പ്രത്യയശാസ്ത്രത്തില്‍ ശത്രു ബിജെപിയും. രണ്ടും ചില്ലറക്കാരല്ല. അവര്‍ക്ക് പുറമേ നേരിട്ട് ശത്രുവായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശക്തരായ എതിരാളികളായി അണ്ണാ ഡിഎംകെയുമുണ്ട്. ഡിഎംകെ കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ ഏറ്റവും സ്വാധീനവും സംഘടനാശേഷിയുമുള്ളത് അണ്ണാ ഡിഎംകെയ്ക്കാണ്. ജയലളിതയെപ്പോലെ ഒരു കരിസ്മാറ്റിക് ലീഡറുടെ കുറവാണ് അവരെ പിന്നോട്ടടിച്ചത്. അവരെയും എതിര്‍പക്ഷത്ത് കണ്ടാല്‍ വിജയ് നേരിടാന്‍ പോകുന്നത് അതിശക്തമായ വെല്ലുവിളി തന്നെയായിരിക്കും. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കളത്തില്‍.
ഭരണത്തിലെ ‘ദ്രാവിഡ മോഡല്‍’ ഉയര്‍ത്തിക്കാട്ടി മുന്നേറുന്ന ഡിഎംകെ, വിജയ് ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സ്റ്റാലിനെ പുകഴ്ത്താന്‍ സാക്ഷാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെത്തന്നെ രംഗത്തിറക്കിയത്. പക്ഷേ അത് വേണ്ടത്ര ശ്രദ്ധ നേടിയില്ല. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പാലിക്കാത്ത വാഗ്ദാനങ്ങള്‍ എണ്ണിപ്പറഞ്ഞ് വിജയ് തൃച്ചിയെ ഇളക്കിമറിച്ചപ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഡിഎംകെയ്ക്കായില്ല. പക്ഷേ രാഷ്ട്രീയത്തില്‍ വിജയ്ക്കുള്ള പരിചയക്കുറവ് തൃച്ചിയിലും പ്രകടമായിരുന്നു. വിഷയങ്ങള്‍ ഉറപ്പോടെ പറഞ്ഞുഫലിപ്പിക്കാനുള്ള രാഷ്ട്രീയപാടവം അദ്ദേഹം കൈവരിക്കേണ്ടിയിരിക്കുന്നു.
10 ശതമാനം വോട്ടാണ് തമിഴ്നാട്ടിലെ സ്വതന്ത്രരാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ വിജയ്‌യുടെ പാര്‍ട്ടിക്ക് പ്രവചിക്കുന്നത്. നിയമസഭാതിരഞ്ഞെടുപ്പ് അധികം അകലെയല്ല. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് മൂന്നിരട്ടിയാക്കിയാല്‍ മാത്രമേ കന്നിയങ്കത്തില്‍ത്തന്നെ വിജയം എന്ന സ്വപ്നം യാഥാര്‍ഥ്യമാകൂ. അതിന് വിജയ് എന്ന താരപ്പൊലിമ മാത്രം മതിയോ?
2024 ഫെബ്രുവരിയില്‍, ലോക്സഭാതിരഞ്ഞെടുപ്പിന് ഏതാനും മാസം മുന്‍പാണ് വിജയ് രാഷ്ട്രീയപ്രവേശനം നടത്തിയത്. ഒക്ടോബറില്‍ വിഴുപ്പുറത്തെ വിക്രവാണ്ടിയില്‍ നടന്ന തമിഴക വെട്രി കഴകം സംസ്ഥാനസമ്മേളനത്തോടെ അരങ്ങേറ്റമായി. അന്നുകണ്ട ജനക്കൂട്ടത്തെ ആരാധകരെന്നുപറഞ്ഞ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞു. എന്നാല്‍ അതിനുമുന്‍പുതന്നെ രാഷ്ട്രീയമെന്നാല്‍ ഉറച്ച, കെട്ടുറപ്പുള്ള സംഘടന വേണമെന്ന തിരിച്ചറിവ് വിജയ്ക്കും അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നവര്‍ക്കും ഉണ്ടായിരുന്നു. ആരാധകവൃന്ദത്തെ പടിപടിയായി സാമൂഹ്യപ്രവര്‍ത്തകരായും ക്രമേണ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നവരായും മാറ്റിക്കൊണ്ടാണ് വിജയ് മുന്നോട്ടുവന്നത്. അതില്‍ മുഴുവന്‍ സമയരാഷ്ട്രീയപ്രവര്‍ത്തകരായി മാറുന്നവരുടെ ഊര്‍ജവും കാഴ്ചപ്പാടും സംഘടനാശേഷിയും അനുസരിച്ചായിരിക്കും തമിഴക വെട്രി കഴകം വെട്രിയണയുമോ എന്ന് തീരുമാനിക്കപ്പെടുക.
വിക്രവാണ്ടിയിലെ സംസ്ഥാനസമ്മേളനം ഒരു പ്രഖ്യാപനമായിരുന്നെങ്കില്‍ പരപ്പതിയില്‍ നടന്ന രണ്ടാം സംസ്ഥാനസമ്മേളനം ടിവികെയുടെ സംഘടനാശേഷി വളരുന്നതിന്‍റെ സൂചന തന്നെയായിരുന്നു. സര്‍ക്കാരും രാഷ്ട്രീയ എതിരാളികളും പൊലീസുമെല്ലാം പലവിധത്തില്‍ തടസങ്ങളുണ്ടാക്കാന്‍ ശ്രമിച്ചത് അതിന് തെളിവായി. വിക്രവാണ്ടിയില്‍ പാര്‍ട്ടിയുടെ നയം പ്രഖ്യാപിച്ചുകൊണ്ട് വിജയ് ഒന്നുകൂടി പറഞ്ഞിരുന്നു. ഒറ്റയ്ക്കല്ലെങ്കില്‍ ഒന്നിച്ച്! സമാനമനസ്കരുമായി സഖ്യത്തിന് തയാര്‍ എന്ന്. അത്യാവശ്യം വോട്ട് ബാങ്കുള്ള പ്രാദേശിക പാര്‍ട്ടികളൊക്കെ ഇപ്പോള്‍ ഡിഎംകെയ്ക്കൊപ്പമാണ്. വിജയ് കളംപിടിക്കും എന്ന് ഉറപ്പില്ലാതെ അവരൊന്നും കളംമാറാന്‍ തുനിയില്ല. പിന്നെയുള്ളത് പ്രതിപക്ഷത്തുള്ള ചിലരും ഇരുപക്ഷത്തുമില്ലാതെ നില്‍ക്കുന്ന നാം തമിഴര്‍ പാര്‍ട്ടി പോലുള്ളവയുമാണ്. ഒരു തിരഞ്ഞെടുപ്പിലെ പ്രകടനമെങ്കിലും കാണാതെ അവരും ഒരു തീരുമാനമെടുക്കാന്‍ സാധ്യത കുറവ്. ശത്രുക്കളായി പ്രഖ്യാപിച്ച ബിജെപിക്കോ ഡിഎംകെയ്ക്കോ ഒപ്പം പോകാനും കഴിയില്ല.
താരാരാധന തന്നെയാണ് എംജിആറിനെയും ജയലളിതയെയും ഒക്കെ ഒറ്റയടിക്ക് അധികാരത്തിലേക്ക് എടുത്തുയര്‍ത്തിയത്. പക്ഷേ അതിനുപിന്നില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെയും രാഷ്ട്രീയനിലപാടുകളുടെയും ദീര്‍ഘമായ പിന്‍ബലം ഉണ്ടായിരുന്നു. എംജിആറിനും ജയലളിതയ്ക്കും സിനിമയുടെ തുടര്‍ച്ചയായി രാഷ്ട്രീയം വന്നപ്പോള്‍ കലൈഞ്ജര്‍ കരുണാനിധി എന്ന മഹാമേരുവിന് സിനിമ രാഷ്ട്രീയത്തിന്‍റെ തുടര്‍ച്ചയായിരുന്നു. അതൊന്നുമില്ലാതെയാണ് വിജയ് കളത്തിലിറങ്ങുന്നത്.
രാഷ്ട്രീയത്തിന് ആഴമുള്ള അറിവും നേതൃപാടവവും ദീര്‍ഘദൃഷ്ടിയുമെല്ലാം വാക്ചാതുര്യവുമെല്ലാം നിര്‍ബന്ധമായിരുന്ന കാലം മാറി എന്നതില്‍ സംശയമില്ല. പക്ഷേ വിശ്വാസ്യത ഇല്ലാതെ ഈ എഐ കാലത്തും രാഷ്ട്രീയത്തില്‍ പച്ചപിടിക്കുക എളുപ്പമല്ല. വിജയ്ക്ക് വിശ്വാസ്യത ഉണ്ടോയെന്നും അതാര്‍ജിക്കാനുള്ള കെല്‍പ്പുണ്ടോയെന്നും വരുന്ന നിയമസഭാതിരഞ്ഞെടുപ്പ് തെളിയിക്കും. അത് തമിഴ്നാട് വെട്രി കഴകത്തിന്‍റെ ഭാവിയും തീരുമാനിക്കും.