പഞ്ചാബിന്‍റെ കർഷക മണ്ണിൽ സിപിഐയുടെ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് തുടക്കം. RSS ഫാഷിസ്റ്റെന്നും സിപിഐയെ ശക്തിപ്പെടുത്തണമെന്നും ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. നാളെ മുതൽ പ്രതിനിധി സമ്മേളനങ്ങൾക്ക് തുടക്കമാകും.
കാലഘട്ടം ആവശ്യപ്പെടുന്ന ഇടത് ഐക്യം ഉൾപ്പെടെ ഉയർത്തിയാണ് 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ചണ്ഡിഗഡിൽ ഉജ്വല തുടക്കമായത്. കർഷകരുൾപ്പെടെ ആയിരങ്ങളാണ് പൊതുസമ്മേളന വേദിയിലേക്ക് എത്തിയത്. സാധാരണക്കാരായ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പൊതുസമ്മേളനത്തിന് എത്തിയതിൽ വലിയ സന്തോഷമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ മനോരമ ന്യൂസിനോട്. രാജ്യം ഭരിക്കുന്നത് ഫാഷിസ്സ് സർക്കാരെന്നും മോദി ഭരണത്തിൽ RSS കൂടുതൽ ആക്രമണോത്സുകമായെന്നും ഡി.രാജ. ആർക്കും സ്തുതി പാടാനല്ല പാർട്ടി കോൺഗ്രസെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറിയാകാൻ എല്ലാവരും യോഗ്യരെന്ന് ആനി രാജ. തിരഞ്ഞെടുപ്പ് വിജയങ്ങൾ മാത്രമല്ല പാർട്ടിയുടെ ശക്തിയെന്ന് പി.സന്തോഷ് കുമാർ എംപിയും പ്രതികരിച്ചു.