തമിഴ്നാട്ടില്‍ എം.കെ.സ്റ്റാലിന്‍- വിജയ് പോര് കടുത്തു. ഡി.എം.കെ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന വിജയ്‌യുടെ വിമര്‍ശനത്തിന് കള്ളം പറഞ്ഞാലും ശരിയായി പറയണമെന്ന പഴമൊഴി ഓര്‍മിപ്പിച്ച് സ്റ്റാലിന്‍. തത്വവും പ്രത്യശ ശാസ്ത്രവുമില്ലാത്ത ജനക്കൂട്ടമെന്ന സ്റ്റാലിന്‍റെ വിമര്‍ശനത്തിന് നയത്തിന്‍റെ പേരില്‍ തട്ടിപ്പ് നടത്തുന്നതാരെന്ന് ജനങ്ങള്‍ക്കറിയാമെന്ന് വിജയ്‌യുടെ മറുപടി. 

ഡിഎംകെയുടെ വോട്ട് ബാങ്കുകളിലേക്ക് കൂടി വിജയ് കടന്നുകയറിയേക്കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ക്ക് പിന്നാലെയാണ് ആക്രമണം കടുപ്പിച്ച് സ്റ്റാലിന്‍ തന്നെ രംഗത്തെത്തിയത്. സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം, വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളും തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് വിജയ് ആരോപിച്ചത്. 

എന്നാൽ, സർക്കാർ വാഗ്‌ദാനം ചെയ്തതിലുമേറെയുള്ള പദ്ധതികൾ  അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയെന്നും  ഇതെല്ലാം  അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുകയാണു ചിലരെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

അസത്യവും തെറ്റിദ്ധാരണയും പരത്തുന്നതാണ് അവരുടെ രാഷ്ട്രീയം. തത്വവും പ്രത്യയശാസ്ത്രവുമില്ലാത്തവര്‍ക്ക് ഇതല്ലാതെ മറ്റൊന്നും അറിയില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രിയുടെ മറുപടി.

ഇതിന് പിന്നാലെ തിരിച്ചടിച്ച് വിജയ് രംഗത്തെത്തി. വിജയ് ജനങ്ങളെ കാണില്ലെന്ന് മുന്‍പ് പറഞ്ഞവര്‍ ഇപ്പോള്‍ പാർട്ടിയുടെ പ്രചാരണം കണ്ട് പുലമ്പല്‍ തുടങ്ങി. പുതിയ മാറ്റങ്ങളെ സ്വീകരിക്കുന്നതാണു തമിഴ്‌ പാരമ്പര്യം.  പുറത്ത് നയങ്ങളെ കുറിച്ച് പറയുകയും അകത്ത് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നത്  ആരെണെന്ന് എല്ലാവര്‍ക്കുമറിയാം.  എംജിആറിനെയും ഡിഎംകെ അധിക്ഷേപിച്ചു.   സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങളും വിജയ് പത്രക്കുറിപ്പിൽ ഉന്നയിച്ചു. 2026–ലെ തിരഞ്ഞെടുപ്പില്‍ ടിവികെ  വലിയ വിജയം നേടുമെന്നും വിജയ് ആവര്‍ത്തിച്ചു.

ENGLISH SUMMARY:

Stalin-Vijay conflict escalates in Tamil Nadu. The DMK leader Stalin responded to actor Vijay's criticism of unfulfilled election promises by emphasizing the government's accomplishments and questioning Vijay's political motives.