മലേഷ്യയില്‍ അവധി ആഘോഷിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ എക്സില്‍. മലേഷ്യയിലെ ലങ്കാവിയില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. കടയില്‍ മലേഷ്യന്‍ സ്ത്രീകളുമായി സംസാരിക്കുന്നതും സ്കൂട്ടറോടിച്ച് പോകുന്നതുമാണ് ദൃശ്യങ്ങള്‍. അതേസമയം, രാഹുലിന്‍റെ അവധി ആഘോഷം ബിജെപി ചര്‍ച്ചയാക്കി.
പഞ്ചാബിലടക്കം പ്രളയ ദുരന്തം നില്‍ക്കുമ്പോള്‍ രാഹുലിന്‍റെ വിദേശ സന്ദര്‍ശനത്തെ ബിജെപി അനുകൂല അക്കൗണ്ടുകള്‍ എക്സില്‍ വിമര്‍ശിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി ദേശിയ മീഡിയ ഇന്‍ ചാര്‍ജ് അനുരാജ് ദണ്ഡയും രാഹുലിന്‍റെ സന്ദര്‍ശനത്തെ വിമര്‍ശിച്ചു. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഉണ്ടെങ്കില്‍ വോട്ട് ചോദിക്കുന്ന രാഹുല്‍ പഞ്ചാബ് പ്രളയത്തിലായപ്പോള്‍ മലേഷ്യയില്‍ ടൂറിലാണെന്നാണ് വിമര്‍ശനം.
വോട്ട് അധികാര്‍ യാത്ര പൂര്‍ത്തിയായതിന് പിന്നാലെയാണ് രാഹുലിന്‍റെ മലേഷ്യന്‍ യാത്ര. ഇതുമായി ബന്ധപ്പെടുത്തിയാണ് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയുടെ വിമര്‍ശനം. ബിഹാര്‍ രാഷ്ട്രീയത്തിലെ ചൂടും പൊടിയും കോണ്‍ഗ്രസ് യുവരാജാവിന് കൂടുതലായി ഏറ്റെന്ന് തോന്നുന്നു എന്നാണ് അമിത് മാളവ്യ എക്സില്‍ കുറിച്ചത്. അതോ ആരും അറിയാൻ പാടില്ലാത്ത രഹസ്യ യോഗങ്ങളോ എന്നാണ് അമിത് മാളവ്യ ചോദിച്ചത്.
സെപ്റ്റംബര്‍ ഒന്നിനാണ് ബിഹാറിലൂടെ കോണ്‍ഗ്രസ് നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര അവസാനിച്ചത്. 25 ജില്ലകളിലൂടെ 1,300 കിലോമീറ്റര്‍ സഞ്ചരിച്ച യാത്ര 110 അസംബ്ലി മണ്ഡലങ്ങളിലൂടെ കടന്നു പോയി. രാഹുലിനൊപ്പം ആര്‍ജെഡി നേതാവ് തേജസ്വി യാദവും യാത്രയിലുടനീളമുണ്ടായിരുന്നു.