TOPICS COVERED

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലൂ റിപ്പോർട്ടിന്‍റെ ചുവടുപിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കച്ചമുറുക്കി എംപിമാർ. മുതിർന്ന നേതാക്കളെയും എംപിമാരെയും ഒക്കെ ഇറക്കി നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കണമെന്ന കനുഗോലു ശുപാർശയിലാണ് കോൺഗ്രസ് എംപിമാരുടെ നോട്ടം. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തന്ത്രങ്ങളിലേക്ക് കടക്കാമെന്ന നിലപാടിലാണ് നേതൃത്വം.

എംഎൽഎയായിരിക്കുമ്പോൾ എംപിയാകണം. എംപിയായി കഴിയുമ്പോൾ എംഎൽഎയാകണം. നിയമസഭാ തിരഞ്ഞെടുപ്പ് ഇങ്ങ് അടുത്തതോടെ ഈ പനിയാണ് സംസ്ഥാനത്തെ കോൺഗ്രസിൽ. കെപിസിസി മുൻ അധ്യക്ഷൻ മുതൽ അടുത്തിടെ പാർലമെന്‍റിലേക്ക് പോയ യുവ എംപിക്ക് വരെ തിരിച്ച് നിയമസഭയിലേക്ക് മടങ്ങണമെന്നുണ്ട്. കണ്ണൂർ, കോന്നി, അടൂർ, തൃശൂർ - തിരിച്ചുപിടിക്കാൻ ഇതുപോലെ ഒരുപിടി  മണ്ഡലങ്ങൾ കനുഗോലു റിപ്പോർട്ടിലുണ്ട്. അവിടുങ്ങളിൽ ജനസമ്മിതിയുള്ള വി.എം സുധീരനെ പോലെ മുതിർന്ന നേതാക്കളെ , വേണമെങ്കിൽ എം പിമാരെ പോലും മൽസരരംഗത്തിറക്കണമെന്നാണ് കനുഗോലു റിപ്പോർട്ടിലെ ശുപാർശ. ഇതോടെ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്,  അടൂർ പ്രകാശ്, എംപിമാർ പലരും നിയമസഭ കയറാൻ തയാറെടുക്കുകയാണ്. 

ഷാഫി പറമ്പിൽ നിയമസഭയിലേക്കുള്ള റിട്ടേൺ ടിക്കറ്റ് ആഗ്രഹിക്കുന്നുണ്ടെങ്കിലും കിട്ടാൻ സാധ്യത കുറവാണ്. ഇളവിന്‍റെ കാര്യത്തിൽ ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടതെങ്കിലും, നിലവിലെ സാഹചര്യത്തിൽ അടൂർ പ്രകാശിന് മാത്രമാണ് ഇളവിന് സാധ്യത. ഈഴവവിഭാഗത്തിൽനിന്ന് മുൻനിര നേതാക്കൾ ഇല്ലാത്തത് തന്നെയാണ് അടൂരിന് തുണയാകുന്നതും.

ENGLISH SUMMARY:

Kerala Assembly Elections are heating up with Congress MPs vying to contest based on the Sunil Kanugolu report. The report suggests fielding senior leaders and MPs to regain lost constituencies, focusing on areas like Kannur, Konni, and Thrissur.